കള്ളനു കഞ്ഞിവെച്ചോളൂ... പക്ഷേ... കള്ളന്റെ കഞ്ഞി കുടിക്കരുത്

ശ്രീരാമകൃഷ്ണ പരമഹംസൻ ശിഷ്യന്‍മാരെ അടുത്തിരുത്തിക്കൊണ്ട് ഉപദേശം നൽകുന്ന വേളയിൽ പറഞ്ഞ ഒരു കഥ ഇപ്രകാരമാണ്.
ഒരിക്കൽ ഒരു സന്യാസി ഒരു ധനികന്റെ ഭവനത്തിലെത്തി. നിഷ്കളങ്ക ഹൃദയനും പരിശുദ്ധനുമായ ആ സന്യാസിക്ക് വീട്ടുകാരുടെ നിർബന്ധപ്രകാരം അവിടെ നിന്നും ആഹാരം കഴിക്കേണ്ടതായും അന്നേ ദിവസം അവിടെ അന്തിയുറങ്ങേണ്ടതായും വന്നു. നേരം പാതിരാത്രി കഴിഞ്ഞിട്ടും ആ സാധുവിന് ഉറങ്ങുവാൻ കഴിഞ്ഞില്ല. മോഷ്ടിക്കണം എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടുന്നു. എത്ര ശ്രമിച്ചിട്ടും, പ്രാർത്ഥിച്ചിട്ടുമെല്ലാം ആ ചിന്ത കൂടുന്നതല്ലാതെ കുറയുന്നില്ല. നിർവാഹമില്ലാതെ കലശലായി മുട്ടിപ്പോയ സാഹചര്യത്തിൽ ആ സാധു അടുക്കളയിൽ കടന്ന് ആരുമറിയാതെ ധനികന്റെ ഒരു വെള്ളിപ്പാത്രം മോഷ്ടിച്ചു. അതോടെ സമാധാനമായി. അത് അടുത്തു വെച്ചു കിടന്ന അദ്ദേഹം സുഖമായി ഉറങ്ങി.
പിറ്റേന്നാൾ പ്രഭാതമെത്തിച്ചേർന്നു. സന്യാസിക്കു കലശലായ കുറ്റബോധം അദ്ദേഹം കാര്യങ്ങളെല്ലാം ഗൃഹനാഥനോട് തുറന്നു പറഞ്ഞു. ആ വിഷമത്തോടെ അതിന്റെ കാരണം എന്തെന്നറിയുവാൻ അദ്ദേഹം ധ്യാനത്തിലിരുന്നു. ധ്യാനവേളയിൽ തെളിഞ്ഞു വന്നത് അവിടുത്തെ പാചകക്കാരന്റെ മുഖമാണ്. സന്യാസി അരിവെപ്പുകാരനെക്കുറിച്ച് ഗൃഹനാഥനോട് ചോദിച്ചു. അരിവെപ്പുകാരൻ പുതിയ ആളാണെന്നും കൂടുതൽ ഒന്നും തന്നെ അറിയില്ലെന്നും ഗൃഹനാഥൻ പറഞ്ഞപ്പോൾ അയാളെക്കുറിച്ച് കൂടുതൽ തിരക്കി അറിയണമെന്ന് സന്യാസി ആവശ്യപ്പെട്ടു, അന്വേഷണത്തിൽ പ്രസ്തുത ആൾ നിരവധി മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണെന്നും, ഇപ്പോഴും മോഷണം തുടരുന്ന ആളാണെന്നും വ്യക്തമായി. കുറച്ചു സമയം ചിന്താമഗ്നനായിരുന്നിട്ട് സന്യാസി പറഞ്ഞു.
“മോഷ്ടാവിന്റെ പാചകത്തിൽ ആ ചിന്തയും ആഗ്രഹവും കലർന്നിരുന്നു. അത് കഴിക്കുന്ന ആളിലേക്കും പകരുന്നു.” ആഹാരം പാചകം ചെയ്യുന്പോഴും അത് വിളന്പി നൽകുന്പോഴുമുള്ള ചിന്തകളും ആഗ്രഹങ്ങളുമെല്ലാം ഒരു പരിധി വരെ കഴിക്കുന്ന ആളിലേക്കും പ്രേക്ഷണം ചെയ്യപ്പെടുന്നുവെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അതിനു മുന്‍പുതന്നെ ഭക്ഷണം കഴിക്കുന്നതിനു മുന്‍പായി ദൈവവിചാരത്തോടെയും പ്രാർത്ഥനയോടെയും കഴിക്കണം എന്ന് ഗുരുക്കന്മാർ പറഞ്ഞിട്ടുണ്ട്.
“തിരക്കുപിടിച്ച ഈ ജീവിതയാത്രയിൽ സ്വന്തം കുഞ്ഞുങ്ങൾക്കു പാലുകൊടുക്കാനോ ആഹാരം പാകം ചെയ്തു നൽകുവാനോ സ്നേഹം പകരുവാനോ കഴിയാതെ എല്ലാം ആയമാരെ ഏൽപിച്ചു ജോലി തീർക്കുന്ന അമ്മാർ ഗുരുവചനങ്ങൾ ഒന്നു മറിച്ചു നോക്കുന്നതു നല്ലതാണ്”.