തീവ്രവാദത്തിനെതിരെ സ്വരം കടുപ്പിച്ച് യു.എ.ഇ


ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ സന്ധിയില്ലാത്ത നടപടികൾ സ്വീകരിച്ചും രാഷ്ട്രസുരക്ഷയ്ക്ക് കരുതലേകിയും യു.എ.ഇ. ശക്തമായി മുന്നോട്ടുപോകുന്നതായി സ്റ്റേറ്റ് മന്ത്രി ഖലീഫ ഷഹീൻ അൽ മറാർ പറഞ്ഞു. കെയ്റോ അറബ് ലീഗ് സെക്രട്ടേറിയറ്റിൽ നടന്ന അറബ് ലീഗ് കൗൺസിലിന്റെ 157-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്കെതിരേ സമഗ്രമായ പ്രതികരണം ആവശ്യമാണ്. യു.എ.ഇ. മണ്ണിൽ ഭീകരതയെ തടയുന്നതിന് ഞങ്ങൾക്ക് ധാർമികവും ഭരണപരവുമായ അവകാശങ്ങളുണ്ട്. ഹൂത്തി ഭീകരരുടെ ഹീനമായ ആക്രമണങ്ങൾ യു.എ.ഇ.ക്ക് നേർക്കുണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ നടന്ന അത്തരം ആക്രമണങ്ങളിൽ ആളുകൾ മരിക്കാനിടയാകുകയും ചെയ്തിട്ടുണ്ട്- അൽ മറാർ പറഞ്ഞു. സൗദി അറേബ്യയിലെ ജനവാസകേന്ദ്രങ്ങളിലും ഹൂത്തി ഭീകരർ നിരന്തരം വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അവർ അതിനായി ഉപയോഗിക്കുന്നു. യു.എ.ഇ. സായുധ സേനയുടെ ജാഗ്രതയും സന്നദ്ധതയുമാണ് 200-ലേറെ രാജ്യങ്ങളിൽ നിന്നെത്തി യു.എ.ഇ.യിൽ അധിവസിക്കുന്നവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നത്. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതുതാത്പര്യമുള്ള കാര്യങ്ങളും കൗൺസിൽ ചർച്ചാവിഷയമായി. 

You might also like

  • Straight Forward

Most Viewed