വിമാന ടിക്കറ്റിന് പണമില്ലാത്ത ഇന്ത്യക്കാർക്ക് ആശ്വാസമായി കോൺസുലേറ്റ് ക്ഷേമനിധി ധനസഹായം
കൊച്ചി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റിന് പണമില്ലാത്ത ഇന്ത്യക്കാർക്ക് എംബസി/ കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്നും സഹായം. ടിക്കറ്റിനുള്ള സഹായം ആവശ്യമുള്ള സാമ്പത്തിക ശേഷി കുറഞ്ഞ പ്രവാസി ഇന്ത്യക്കാർക്ക് മതിയായ രേഖകളോടെ സമീപിച്ചാൽ എംബസി/കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്ന് (ICWF) സഹായം ലഭിക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തിങ്കളാഴ്ച കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നൽകി.
ടിക്കറ്റിനായുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്‌പോർട്ട്, വിസ എന്നിവ സമർപ്പിക്കണം. കൂടാതെ എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. ടിക്കറ്റിനുള്ള അപേക്ഷ, പാസ്‌പോർട്ടിന്റെ കോപ്പി, വിസയുടെ (എക്‌സിറ്റ് എക്‌സിറ്റ് ആൻഡ് റീ എന്‍ട്രി)കോപ്പി, അതാത് രാജ്യത്തെ തൊഴിൽ അല്ലെങ്കിൽ താമസ ഐഡിയുടെ കോപ്പി, അപേക്ഷകരുടെ ഫോൺ നമ്പർ എന്നിവ സഹിതം അതാത് എംബസി കോൺസുലേറ്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരായ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലെ എംബസി ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്) ഉപയോഗിക്കാൻ കേന്ദ്രസർക്കാരിനും എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരാണ് ഹർജി സമർപ്പിച്ചത്.
അഡ്വ. പി ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ ജോർജ്, അഡ്വ. ആർ. മുരളീധരൻ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കേന്ദ്രസർക്കാർ, റിയാദിലെയും ദോഹയിലെയും ഇന്ത്യൻ എംബസികളിലെ അംബാസഡർമാർ, ദുബൈ, ജിദ്ദ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽമാർ എന്നിവരായിരുന്നു എതിർ കക്ഷികൾ.