ഇന്ത്യ നേരിടുന്നത് ലോക്ക്ഡൗൺ പരാജയപ്പെട്ടതിന്‍റെ ഫലം

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ കേന്ദ്രത്തിന്‍റെ ലോക്ക്ഡൗൺ നിർദേശങ്ങൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വൈറസ് അതിവേഗം ഉയരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലോക്ക്ഡൗണിന്‍റെ ലക്ഷ്യം പരാജയപ്പെട്ടതിന്‍റെ ഫലമാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്നും രാഹുൽ പറഞ്ഞു.
ലോക്ക്ഡൗണിന്‍റെ നാലു ഘട്ടങ്ങൾ അവസാനിക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപദേശകരും പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ല. മെയ് മാസത്തോടെ രോഗം അവസാനിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ രോഗവ്യാപനം ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
പല സംസ്ഥാന മുഖ്യമന്ത്രിമാരുമായി താൻ സംസാരിച്ചിരുന്നു. അവർ ഏകാന്തമായ പോരാട്ടമാണ് കോവിഡിനെതിരേ നടത്തുന്നത്. കേന്ദ്രം ഒരു തരത്തിലുള്ള പിന്തുണ പോലും അവർക്ക് നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി കുടിയേറ്റ തൊഴിലാളികൾ പോലും തന്നോട് നേരിട്ട് പറഞ്ഞതായി രാഹുൽ പറഞ്ഞു.