ദുബൈയിലെ അണുനശീകരണയജ്ഞം ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി

ദുബൈ: ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ധ്യക്ഷനായ ദേശീയ അടിയന്തര നിവാരണ വിഭാഗം സുപ്രീം കമ്മിറ്റി ദുബായ് എമിറേറ്റിലെ 24 മണിക്കൂർ കോവിഡ് 19 അണുനശീകരണയജ്ഞം ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന യജ്ഞം ഫലവത്തായതിനെ തുടർന്നാണിത്. അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ ദുബൈ പോലീസിൽ നിന്ന് അനുമതി വാങ്ങിയ ശേഷം മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാനും വാഹനങ്ങൾക്ക് നിരത്തിലിറങ്ങാനും സാധിക്കുകയുള്ളൂ. മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ എന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. https://dxbpermit.gov.ae/home എന്ന വെബ് സൈറ്റിലൂടെയാണ് അനുമതി വാങ്ങിക്കേണ്ടത്. അനുമതി വാങ്ങിക്കേണ്ടതും അല്ലാത്തതുമായ വിഭാഗങ്ങളെക്കുറിച്ച് വെബ് സൈറ്റിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്.
ഈ മാസം നാലു മുതലാണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂർ അണുനശീകരണ യജ്ഞം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ രാത്രി എട്ടു മുതൽ പിറ്റേന്ന് പുലർച്ചെ ആറ് വരെയാണ് നിയന്ത്രണമുണ്ടായിരുന്നത്.