ഉള്ളിവില ഇനി പൊള്ളില്ല

മുംബൈ: രാജ്യത്ത് ഏറെ പ്രതിസന്ധിയുണ്ടാക്കിയ ഉള്ളി വിലയില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതിന് പുറമെ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തതോടെയാണ് വിപണിയില്‍ വില കുറഞ്ഞത്. ഇതോടെ മുംബൈയിലെ ഉള്ളിയുടെ ചില്ലറ വില 80രൂപയിലെത്തി. മൊത്ത വില 55നും 65നുമിടയിലാണുള്ളത്.
കഴിഞ്ഞ് ദിവസം മുംബൈയുടെ തുറമുഖത്ത് 790 ടണ്‍ ഉള്ളിയാണ് എത്തിയിരിക്കുന്നത്. ഉള്ളിവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ 42,500 ടണ്‍ ഉള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇറക്കുമതി ചെയ്ത ഉള്ളിയില്‍ 57−60 രൂപ നിരക്കില്‍ ഡല്‍ഹിയിലേക്കും ആന്ധ്രാ പ്രദേശിലേക്കും ആണ് അയച്ചത്.
അതേസമയം, ഗതാഗത ചിലവുകളടക്കം ചേരുമ്പോള്‍ കാര്യമായ വിലക്കുറവ് വിപണിയില്‍ ഉണ്ടാകില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കേരളത്തില്‍ കാര്യമായ ചലനം വിലയില്‍ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ വില കുറയുമെന്നാണ് പ്രതീക്ഷ. വൈകാതെ കേരളത്തിലേക്ക് കൂടുതല്‍ സ്റ്റോക്കുകള്‍ എത്തും. ജനുവരി പകുതിയോടെ ഉള്ളിയുടെ വില 20ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.