ഗതാഗതം നിയന്ത്രിക്കുന്നതിനിടെ വാഹനമിടിച്ച് അബുദാബിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

അബുദാബി: ഡ്രൈവര്‍ അശ്രദ്ധമായി ഓടിച്ച വാഹനം ഇടിച്ച് അബുദാബിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അല്‍ ഐനിലായിരുന്നു സംഭവം. പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അലി സഈദ് ഖര്‍ബഷ് അല്‍ സാദി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു.
അല്‍ഐനിലെ ഹലാമി ടണലില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് പോലീസുകാരനെ കാര്‍ ഇടിച്ചിട്ടത്. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പുതന്നെ അദ്ദേഹം മരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹം ഖബറടക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വന്‍ജനാവലിയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥന്റെ കുടുംബത്തോട് അബുദാബി പോലീസ് അനുശോചനം അറിയിച്ചു.