അനധികൃതമായി കടത്താൻ ശ്രമിച്ച 46 ആഡംബര കാറുകൾ ദുബൈ പോലീസ് പിടികൂടി

ദുബൈ : ദുബൈ പോലീസ് നടത്തിയ ഓപ്പറേഷനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 11 മില്യൺ ദിർഹം (ഏതാണ്ട് 20,59,28,083 രൂപ) മൂല്യം വരുന്ന 46 ആഡംബരകാറുകൾ പിടികൂടി. വാഹനകടത്തിന് നേതൃത്വം നൽകിയ നാലു സംഘത്തെയും പോലീസ് കുടുക്കി. സി.ഐ.ഡി ഓഫീസർമാരുടെ തികഞ്ഞ പ്രൊഫഷണലിസമാണ് വന്പൻ സംഘത്തെ കുടുക്കാൻ സഹായിച്ചതെന്ന് ദുബൈ പോലീസ് ചീഫ് കമാൻഡർ മേജർ ജനറൽ അബ്ദുല്ല ഖാലിഫ അൽ മറി പറഞ്ഞു.
അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സംഘം വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. തുടർന്ന് ഇവ യു.എ.ഇയിക്ക് പുറത്തേക്ക് കയറ്റിയയക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശേഖരിച്ച വിവരങ്ങളിൽ നിന്നും ഗ്യാങ്ങുകളെ തിരിച്ചറിയാൻ സഹായിച്ച ക്രിമിനൽ ഫൊറൻസിക് വിദഗ്ദ്ധർക്കും ചീഫ് കമാൻഡർ പ്രത്യേകം അഭിനന്ദനം അറിയിച്ചു. സംഘത്തെ പിടികൂടിയതിന്റെ വിഡിയോയും ദുബൈ പോലീസ് പുറത്തുവിട്ടു.
സംഘത്തിന്റെ പ്രവർത്തന രീതിയും പഠിച്ചു. കേസ് അന്വേഷണത്തിനും ഗ്യാങ്ങിനെ പിടികൂടുന്നതിനും ദുബൈ പോലീസ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ഒാരോരുത്തർക്കും അവരുടെ ജോലി കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് ഗ്യാങ്ങുകൾ ആണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതെന്ന് കണ്ടെത്തി. ഇവർ വിസിറ്റിംങ് വിസയിലാണ് രാജ്യത്ത് എത്തിയിരുന്നത്.
തുടർന്ന് ആഡംബര കാറുകൾ ലക്ഷ്യമിടുകയും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കന്പ്യൂട്ടറുമായുള്ള കാറിന്റെ ബന്ധം വേർപ്പെടുത്തുകയും ചെയ്യും. എൻജിൻ നശിപ്പിച്ചശേഷം കാറുകൾ യു.എ.ഇയ്ക്ക് പുറത്തേക്ക് കടത്തുകയും ചെയ്യുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനം. കാർഗോ കപ്പൽ വഴി കടത്താൻ ശ്രമിച്ച 17 ആഡംബര കാറുകൾ തുറമുഖത്തുവച്ച് പിടികൂടി. 13 കാറുകൾ ദുബൈയിലെ അൽ അവീറിൽ നിന്നുമാണ് കണ്ടെത്തിയത്. പതിനാറോളം കാറുകൾ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നെന്നും ദുബൈ പോലീസ് പറഞ്ഞു.