ഗതാഗതം സുഗമമാക്കാൻ ദുബൈ ഇന്റർനാഷണൽ സിറ്റിയിൽ രണ്ട് മേൽപ്പാലങ്ങൾ തുറക്കുന്നു

ദുബൈ : ഇന്റർനാഷണൽ സിറ്റിയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മേൽപ്പാലങ്ങൾ തുറക്കുന്നു. ഈമാസം 14-ന് രണ്ടു മേൽപ്പാലങ്ങൾ ഗതാഗതത്തിനായി തുറക്കുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കെട്ടിടനിർമാതാക്കളായ നഖീലുമായി ചേർന്നാണ് ആർ.ടി.എ. പദ്ധതിയൊരുക്കിയത്. ഇന്റർനാഷണൽ സിറ്റിയിൽ അൽ അവീർ റോഡിൽനിന്ന് ഹത്തയ്ക്ക് പോകുന്ന ദിശയിലും ഇന്റർനാഷണൽ സിറ്റിയിൽനിന്ന് ഡൗൺടൗൺ ദുബൈയിലേക്ക് പോകുന്ന ദിശയിലുമായാണ് രണ്ടു മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ഷോപ്പിംങ് കേന്ദ്രമായ ഡ്രാഗൺ മാർട്ടിന്റെ രണ്ടാംഘട്ടം കൂടി പ്രവർത്തനം തുടങ്ങിയതോടെ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന ഗതാഗതതടസ്സം ഇതോടെ ഇല്ലാതാകുമെന്ന് ആർ.ടി.എ. ചെയർമാൻ മാതർ അൽ തായർ പറഞ്ഞു. അൽ അവീർ റോഡിന് സമാന്തരമായി വരുന്ന മൂന്ന് ലെയിനുകളുള്ള റോഡ് ഇന്റർനാഷണൽ സിറ്റി, ഡ്രാഗൺ മാർട്ട്, വർഖ എന്നിവിടങ്ങളിൽനിന്നുള്ള ട്രാഫിക് ബാധിക്കാതെ അവീർവഴി യാത്ര ചെയ്യാൻ വഴിയൊരുക്കും. ഇന്റർനാഷണൽ സിറ്റിയിലെ നാലു റൗണ്ട് എബൗട്ടുകൾ ട്രാഫിക് സിഗ്നലുകളുള്ള ജംങ്ഷനുകളാക്കി മാറ്റിയതായും മാതർ അൽ തായർ പറഞ്ഞു.
അൽ അവീർ റോഡ് വികസന പദ്ധതിയുടെ ഒന്നാംഘട്ടം ഗതാഗതത്തിനായി തുറക്കുന്പോൾ ഇന്റർനാഷണൽ സിറ്റിയിൽ നിന്ന് ഡൗൺ ടൗണിലേക്കുള്ള ഗതാഗതം സുഗമമാകും. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലംവഴി മണിക്കൂറിൽ 1000 വണ്ടികൾക്ക് സഞ്ചരിക്കാം. അതോടെ അൽ അവീറിൽനിന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലേക്ക് തടസ്സമില്ലാതെ യാത്രചെയ്യാൻ സാധിക്കും. മാത്രമല്ല അൽ അവീർ റോഡ് വഴി ഇന്റർനാഷണൽ സിറ്റിയിലേക്കും ഡ്രാഗൺ മാർട്ടിലേക്കും വരുന്നവർക്കും എളുപ്പം എത്തിച്ചേരാം. വാഴ്സൺ സ്ട്രീറ്റിൽനിന്ന് അൽ അവീർ റോഡിലേക്ക് രണ്ടു ലെയിനുകളുള്ള ഒരു മേൽപ്പാലവും പദ്ധതിയുടെ ഭാഗമായി പൂർത്തിയാകുന്നുണ്ട്. ഇതോടെ അൽ അവീർ റോഡിൽ നിന്ന് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള പ്രവേശനം സുഗമമാകും.