അഭയാർത്ഥികൾക്കെതിരായ അമേരിക്കൻ നടപടിക്കെതിരെ യു.എൻ

ന്യൂയോർക്ക് : അഭയാർത്ഥികൾക്കെതിരായ അമേരിക്കൻ നടപടിക്കെതിരെ യു.എൻ രംഗത്ത്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങളുയർന്നിട്ടും അഭയാർത്ഥി നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യു.എൻ ഇടപെടുന്നത്.
യു.എൻ മനുഷ്യാവകാശ വക്താവ് രവീണ ഷംദാസനിയാണ് അമേരിക്കൻ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുടുംബങ്ങളെ വേർപിരിക്കുകയും ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന നടപടി അമേരിക്ക ഉടൻ നിർത്തണമെന്ന് യു.എൻ വക്താവ് ആവശ്യപ്പെട്ടു. അനധികൃതമായി അഭയാർത്ഥികളെ തടവിലാക്കുകയും കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർതിരിക്കുകയും ചെയ്യുന്നതിൽ നിന്നും അമേരിക്ക പിന്മാറണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
അമേരിക്കയുടെ ദക്ഷിണ അതിർത്തിയിലൂടെ ഗ്വാട്ടിമാലയിൽ നിന്നാണ് ഏറ്റവുമധികം അഭയാർത്ഥി പ്രവാഹമുണ്ടാകുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളും കുട്ടികളും ഭയപ്പാടോടെയാണിപ്പോഴുള്ളത്.ട്രംപ് സ്വീകരിച്ച കുടിയേറ്റ വിരുദ്ധ നയം കാരണം ഏതു നിമിഷവും തങ്ങളുടെ മക്കളെ നഷ്ടപ്പെടാം എന്ന ആശങ്ക ഇവർക്കിടയിലുണ്ട്. പല ദന്പതികളും തങ്ങളുടെ കുട്ടികളെയും കൊണ്ട് മെക്സിക്കോയിലെ താത്കാലിക ക്യാന്പിൽ കഴിയുകയാണ്. അമേരിക്കയിലേക്ക് കുടിയേറിയ ഇവരുടെ മക്കളെ ഏതു നിമിഷവും ഇവരിൽ നിന്നും വേർപ്പെടുത്താം എന്ന അവസ്ഥ വന്നപ്പോഴാണ് ഇവർ മെക്സിക്കോയിലെത്തിയത്.
അനധികൃത കുടിയേറ്റം തടയാനെന്ന പേരിൽ ഡോണൾഡ് ട്രംപ് തുടങ്ങിയ നടപടിയിൽ രാജ്യത്തെത്തിയ രണ്ടായിരത്തോളം കുഞ്ഞുങ്ങളെയാണ് മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ സുരക്ഷാസേന, ഇവരുടെ അച്ഛനമ്മമാരെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്യുകയും ചെയ്യുന്നുണ്ട്.