നോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ് കണിയാപുരം രാമചന്ദ്രൻ സ്മാരക 5 മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ "നോട്ടം 2017" ഡിസംബർ 29 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും മേളയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി എന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രദർശന വിഭാഗം, മത്സരവിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങിനെ ആയി മേളയെ തരം തിരിച്ചിട്ടുണ്ട്. ഇത്തവണ മേളയിൽ 23 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. അതിൽ 14 സിനിമകളും കുവൈറ്റിൽ നിന്നുള്ളതാണ് എന്നാണ് പ്രത്യേകത ബാക്കി സിനിമകൾ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും, നാട്ടിൽ നിന്നും ഉള്ളവയാണ്.
ഗ്രാൻഡ് ജൂറി അവാർഡ്, പ്രവാസി സിനിമ പുരസ്‌കാരം, ഓഡിയൻസ് പോൾ അവാർഡ് എന്നിവയാണ് പ്രധാന അവാർഡുകൾ കൂടാതെ വ്യക്തിഗത 7 അവാർഡുകളും, കുവൈറ്റിൽ എടുത്ത സിനിമകൾക്ക് വ്യക്തിഗത അവാർഡുകളും, കൂടാതെ കുട്ടികൾക്കായുള്ള ഷോർട്ട് ഫിലിം മത്സരവും ഇത്തവണ മേളയിൽ ഉണ്ട്. കുവൈറ്റിലെ കുട്ടികളുടെ ഫോട്ടോപ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 30 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കുവൈറ്റിലെ സിനിമ പ്രവർത്തകർക്കായി നോട്ടം ജൂറി മെംബേർസ് നയിക്കുന്ന ടെക്നിക്കൽ വർക്ക്ഷോപ്പ് ഉണ്ടായിരിക്കുന്നതാണ്.
നോട്ടം 2017 ജൂറി മെംബേർസ് ആയി എത്തുന്നത് പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, സിനിമ സംവിധായകൻ എം പി സുകുമാരൻ നായർ, സിനിമാട്ടോഗ്രാഫർ കെ ജി ജയൻ എന്നിവരാണ്. നോട്ടം 2017 വിജയമാക്കുവാൻ എല്ലാവരും എത്തിച്ചേരണമെന്നും വാർത്താമസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട്, സെക്രട്ടറി പ്രവീൺ നന്തിലത്ത്, ട്രഷറർ ശ്രീനിവാസൻ മുനമ്പം, ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലൂപ്പറമ്പിൽ, അസോസിയേഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഉബൈദ് പള്ളുരുത്തി, ഉണ്ണി താമരാൽ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.