മുട്ടയെ മറികടന്ന് മെസി; ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി അർജൻ്റീനൻ നായകൻ


ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റ് ഇനി അർജൻ്റീനൻ നായകൻ ലയണൽ മെസിക്ക് സ്വന്തം. ലോക റെക്കോർഡിനു വേണ്ടി മാത്രം പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തെയാണ് മെസിയുടെ പോസ്റ്റ് മറികടന്നത്. ലോകകപ്പ് നേടിയതിനു ശേഷം മെസി പങ്കുവച്ച പോസ്റ്റ് നിലവിൽ 56 മില്ല്യണിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. മുട്ടയെ 55.8 മില്ല്യൺ പേരാണ് ലൈക്ക് ചെയ്തത്.

ഇന്നലെ ഇതേ പോസ്റ്റ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച, മെസിയുമൊത്ത് ചെസ് കളിക്കുന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് പഴങ്കഥ ആയത്. ആ പോസ്റ്റിന് ഇതുവരെ 41.9 മില്ല്യൺ ലൈക്കുകളുണ്ട്.

ലോക ചാമ്പ്യന്മാർ എന്ന തലക്കെട്ടിൽ മെസി പങ്കുവച്ച പോസ്റ്റാണ് റെക്കോർഡ് നേട്ടം കുറിച്ചത്. “ഒരുപാട് തവണ ഞാൻ സ്വപ്നം കണ്ടു. ഞാൻ ഒരുപാട് ആഗ്രഹിച്ചു. എനിക്ക് വിശ്വസിക്കാനാവുന്നില്ല. എൻ്റെ കുടുംബത്തിനു നന്ദി. ഞങ്ങളിൽ വിശ്വസിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി. അർജൻ്റീനക്കാർ പോരാളികളാണെന്നും ഒരുമിച്ച് ശ്രമിച്ചാൽ ആഗ്രഹിക്കുന്നത് നേടുമെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തി എന്നതിനു മുകളിൽ ഈ സംഘത്തിൻ്റെ കരുത്താണ് ഒരുമിച്ചുള്ള സ്വപ്നത്തിലേക്ക് പൊരുതാൻ കരുത്തായത്. നമ്മൾ നേടിയിരിക്കുന്നു. വാമോസ് അർജൻ്റീന.”- മെസി കുറിച്ചു.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

article-image

esfr

You might also like

Most Viewed