മറഡോണയുടെ സംസ്‌കാരം കാസ റൊസാഡയില്‍

ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തിൽ നടക്കും. അർജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് അർജന്റീന സർക്കാർഅറിയിച്ചു. മാറഡോണയുടെ മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സാൻ ഫെറാൻഡോ ആശുപത്രിയിൽ വൈകീട്ട് 7.30 മുതൽ 10 മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ. തുടർന്ന് 11 മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിനായി കാസ റൊസാഡയിലേക്ക് മാറ്റി. വഴിയിലുടനീളം നിരവധിയാളുകളാണ് മാറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് ചുറ്റുംകൂടിയത്. ഫുട്ബോൾ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാൻ സർക്കാർ വസതിയിലേക്ക് ജനപ്രവാഹമാണ്.