കൊവിഡ് പ്രതിസന്ധി; 12,000 കോടി യാത്രക്കാർക്ക് തിരിച്ച് നൽകി എമിറേറ്റ്സ്

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം സര്‍വീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ ഭീമമായ റീഫണ്ട് തുക മുഴുവനും കൊടുത്തുതീര്‍ത്തതായി എമിറേറ്റ്സ് അറിയിച്ചു. ഉപഭോക്താക്കളുടെ റീഫണ്ട് അപേക്ഷകളെല്ലാം പരിശോധിച്ച് ഏപ്രില്‍ മുതലുള്ള 630 കോടി ദിര്‍ഹമാണ് (12,000 കോടിയിലധികം ഇന്ത്യന്‍ രൂപ) തിരികെ നല്‍കിയത്. കഴിഞ്ഞ ഏഴ് മാസങ്ങളിലായി 17 ലക്ഷത്തോളം റീഫണ്ട് അപേക്ഷകളിന്മേലാണ് നടപടികള്‍ എമിറേറ്റ്സ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്.
തിരികെ നല്‍കിയ 630 കോടി ദിര്‍ഹത്തിൽ 470 കോടിയും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്‍ത ഉപഭോക്താക്കളുടേതായിരുന്നു. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്‍തവര്‍ക്ക് 160 കോടി ദിര്‍ഹമാണ് തിരികെ നല്‍കിയത്.