കരോലിനയെയും തോൽപ്പിക്കാനാവും: സൈന നെഹ്‍വാൾ

ബെംഗളുരു: ലോക ബാഡ്മിന്റൻ ചാംപ്യൻ കരോലിന മാരിനെ തോൽപ്പിക്കാൻ തനിക്കാവുമെന്ന് ലോക ഒന്നാം നമ്പർ താരം സൈന നെഹ്‍വാൾ. കരോലിന ശക്തയായ എതിരാളിയാണ്. ഓൾ ഇംഗ്ലണ്ട് ടൂർണമെന്റിനു മുൻപ് ഞാൻ മൂന്നു തവണ കരോലിനെ തോൽപ്പിച്ചിരുന്നു. രണ്ടു പ്രാവശ്യം കരോലിനയോട് പരാജയപ്പെടുകയും ചെയ്തു. ഇടതുകൈ കളിക്കാരിയാണ് കരോലിന. അതിനാൽ തന്നെ നല്ലവണ്ണം പ്രയത്നിച്ചാൽ മാത്രമേ പരാജയപ്പെടുത്താനാവൂ. കരോലിനയെപ്പോലെ അവർ മാത്രമേ ഉണ്ടാകൂവെന്നും സൈന പറഞ്ഞു.
ലോകബാഡ്മിന്റൻ ഫൈനലിൽ കരോലിനെ പിടിച്ചുകെട്ടാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാൽ അമിതാവേശം എന്നെ പിടികൂടുകയും ഞാൻ പരാജയപ്പെടുകയും ചെയ്തു. ഇനിയുള്ള ടൂർണമെന്റുകൾ തെറ്റുകൾ മനസ്സിലാക്കി അതിനെയെല്ലാം തരണം ചെയ്യുമെന്നും സൈന പറഞ്ഞു.
ലോക ബാഡ്മിന്റണ്‍ ചാംപ്യൻഷിപ് ഫൈനലിൽ സ്പാനിഷ് താരം കരോലിന മാരിനോട് സൈന നെഹ്‍വാൾ പരാജയപ്പെട്ടിരുന്നു. എന്നാൽ ലോകറാങ്കിങ്ങിൽ സൈനയാണ് ഒന്നാമത്. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിഫൈനലില്‍ പരാജയപ്പെട്ടതോടെ ഓള്‍ ഇംഗ്ലണ്ട് ചാംപ്യനായ കരോലിന ഒന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെടുകയായിരുന്നു. ഇതാണ് സൈനയ്ക്ക് തുണയായത്. സൈനയ്ക്ക് 82792 പോയിന്റും ലോക ചാംപ്യനായ മാരിന് 80612 പോയിന്റുമാണുള്ളത്.