ധോനിയില്‍ ഇനിയും ധാരാളം ക്രിക്കറ്റ് ബാക്കിയുണ്ട്; തിരിച്ചുവരവുണ്ടാകില്ലെന്നു പറഞ്ഞ് എഴുതിത്തള്ളുന്നത് അനീതി: കൈഫ്

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി മുൻ താരം മുഹമ്മദ് കൈഫ്. ധോനിയിൽ ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു പറഞ്ഞ് എഴുതിത്തള്ളുന്നത് അനീതിയാണെന്ന് കൈഫ് പറയുന്നു.
ഐ.പി.എല്ലിൽ ധോനിയുടെ പ്രകടനം എങ്ങനെയാകുമെന്ന് കാത്തിരിക്കുന്നവരുണ്ട്. ടീമിനായി ധോനി എങ്ങനെ കളിക്കുമെന്ന് അവർക്കറിയണം. അതിനു ശേഷം ലേകകപ്പ് ടീമിലെ സ്ഥാനത്ത് കുറിച്ച് തീരുമാനിക്കാമെന്നാണ് അവർ പറയുന്നത്. എന്നാൽ ഐ.പി.എൽ നടന്നാലും ഇല്ലെങ്കിലും ധോനി ഇന്ത്യക്കു വേണ്ടി ട്വന്റി 20 ലോകകപ്പ് കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കൈഫ് കൂട്ടിച്ചേർത്തു.
ഐ.പി.എല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിലല്ല ധോനിയെ വിലയിരുത്തേണ്ടത്. മഹാനായ താരമാണ് അദ്ദേഹം. പൂർണ കായികക്ഷമതയുള്ള താരവും. സമ്മർദ ഘട്ടങ്ങളിൽ എങ്ങനെ മത്സരം വരുതിയിലാക്കണമെന്ന് ധോനിക്കറിയാമെന്നും കൈഫ് കൂട്ടിച്ചേർത്തു.