ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക തിരഞ്ഞെടുപ്പ്; ഒരാൾ പിന്മാറി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചുരക്കപട്ടികയിൽനിന്നും വെസ്റ്റിൻഡീസിൽനിന്നുള്ള ഫിൽ സിമ്മൺസ് പിന്‍മാറി. ‘വ്യക്തിപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടിയാണ് സിമ്മൺസിന്റെ പിന്‍മാറ്റം. ഇതോടെ അവശേഷിക്കുന്ന അഞ്ച് പേരിൽ നിന്നും കോച്ചായി ആരെ തിരഞ്ഞെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. മുൻ ക്യാപ്റ്റന്‍ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ ഉപദേശക സമിതിയാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ കൂടിയായ അൻഷുമാൻ ഗെയ്ക്കവാദ് എന്നിവരാണ് സമിതിയംഗങ്ങൾ. റിപ്പോർട്ട് അനുസരിച്ചു രാത്രി 7 മണിക്ക് നടക്കുന്ന വാർത്തസമ്മേളനത്തിലൂടെ തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കും.
നിലവിലെ മഖ്യ പരിശീലകൻ രവി ശാസ്ത്രി, ഐ.പി.എല്ലിലെ ഹൈദരാബാദ് ടീം മുൻ കോച്ചും ഓസ്ട്രേലിയൻ മുൻതാരവുമായ ടോം മൂഡി, ന്യൂസിലൻഡിന്റെയും ഐ.പി.എൽ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസൻ, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യൻ ടീമിന്റെ മാനേജർ ആയിരുന്ന ലാൽചന്ദ് രജ്പുത്, ഇന്ത്യൻ മുൻ ഓൾറൗണ്ടർ റോബിൻ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.
രവിശാസ്ത്രിയ്ക്കും ടോം മൂഡിയ്ക്കും മൈക് ഹെസനുമാണ് ഏറ്റവും അധികം സാധ്യത കൽപിക്കുന്നത്. നായകൻ വിരാട് കോഹ്ലിയുടെ പിന്തുണ ശാസ്ത്രിയ്ക്കാണ്.
2017ൽ അനിൽ കുംബ്ലേയ്ക്ക് പകരമായാണ് ശാസ്ത്രി ചുമതലയേറ്റത്. ഇക്കാലയളവിൽ 21 ടെസ്റ്റുകളിൽ കളിച്ചപ്പോൾ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളിൽ 43 എണ്ണവും 36 ടി20കളിൽ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി. ഇന്ത്യൻ ടീമിനൊപ്പം വിൻഡീസ് പര്യടനത്തിൽ ആയതിനാൽ വീഡിയോ കോൺഫ്രൻസിലൂടെയായിരിക്കും ശാസ്ത്രി അഭിമുഖത്തിൽ പങ്കെടുക്കുക.

