ശിഖർ ധവാന്‍റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്കയാകുന്നു

ലണ്ടൻ: ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ശിഖർ ധവാന്‍റെ പരിക്ക് ആശങ്കയാകുന്നു. കൈവിരലിന് പരുക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയമാക്കും. പരിശോധനാ ഫലം വന്ന ശേഷം മാത്രമെ മറ്റന്നാൾ കളിക്കാനാകുമോയെന്ന് വ്യക്തമാകൂ.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖർ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയർന്ന പന്താണ് പരിക്കേൽപ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫർഹാർട്ട് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖർ ധവാൻ സെഞ്ച്വറിയും നേടി.
ശിഖർ ധവാൻ ഫീൽഡിംഗിന് ഇറങ്ങിയതുമില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീൽഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തിന് മുന്പായി സ്കാനിംഗിന്‍റെ ഫലം കിട്ടുമെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസിലൻഡിനെതിരെ ശിഖർ ധവാൻ കളിക്കാനാകുമെന്നുമാണ് റിപ്പോർട്ടുകൾ. മറ്റന്നാൾ ട്രെന്റ് ബ്രിഡ്ജിൽ വൈകീട്ട് 3 മണിക്കാണ് ഇന്ത്യ ന്യുസീലൻഡ് മത്സരം.