കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ജര്‍മ്മനി - ചിലി പോരാട്ടം


സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് : കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി ഇന്ന് ചിലിയെ നേരിടും. സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ സെനിത് അരീനയിലാണ് കിരീട പോരാട്ടം. ബഹ്‌റൈൻ സമയം രാത്രി 9 നാണ് മല്‍സരം.

സെമിയില്‍ കരുത്തരായ പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്‌പ്പെടുത്തിയാണ് ചിലി കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ മികവിലാണ് യൂറോ ചാമ്പ്യന്മാരായ പറങ്കിപ്പടയുടെ കീരീടമോഹം ചിലി തകര്‍ത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിന്റെ മൂന്നു കിക്കുകളും ബ്രാവോ തടഞ്ഞിട്ടു.

ബ്രോവോയ്ക്കു പുറമെ, സൂപ്പര്‍ താരം അലക്‌സി സാഞ്ചസ്, അര്‍ട്ടുറോ വിദാല്‍, ഗോണ്‍സാലോ യാറ, ഗാരി മെഡല്‍ തുടങ്ങിയ താരങ്ങള്‍ ചിലിയ്ക്ക് കരുത്തേകുന്നു. കഴിഞ്ഞ രണ്ട് കോപ്പ അമേരിക്ക കിരീടം ചൂടിയതും ലാറ്റിനമേരിക്കന്‍ കരുത്തരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

അതേസമയം യുവനിരയുമായാണ് ജര്‍മ്മന്‍ പട കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന ജര്‍മ്മന്‍ പട സെമിയില്‍ കോണ്‍കാകഫ് ചാമ്പ്യന്മാരായ മെക്‌സിക്കോയെ ഒന്നിനെതിരെ നാലു ഗോളിനാണ് തോല്‍പ്പിച്ചത്. നായകന്‍ ജൂലിയാന്‍ ഡ്രാക്‌സര്‍, ടിമോ വെര്‍ണര്‍, ലിയോണ്‍ ഗോരെട്‌സ്‌ക, സ്റ്റിന്‍ഡില്‍ തുടങ്ങിയവരുടെ സ്‌കോറിംഗ് പാടവത്തിലാണ് കോച്ച് ജോക്വിം ലോ പ്രതീക്ഷയര്‍പ്പിക്കുന്നത്. കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ഇതുവരെ നേടാനായിട്ടില്ല എന്ന സങ്കടം യുവനിരയുടെ കരുത്തില്‍ തിരുത്താമെന്നാണ് ലോയുടെയും സംഘത്തിന്റെയും വിശ്വാസം. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഇന്ന് മെക്‌സിക്കോയെ നേരിടും. ബഹ്‌റൈൻ സമയം 3 നാണ് മല്‍സരം. മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed