ഇന്ത്യ- വെസ്റ്റ് ഇൻഡീസ് നാലാം ഏകദിനം ഇന്ന്

ആന്‍റ്വിഗ : ഇന്ത്യ- വെസ്റ്റ് ഇൻഡീസ് നാലാം ഏകദിന മല്‍സരം ഇന്ന്. നോർത്ത് സൗണ്ടിൽ നടക്കുന്ന മല്‍സരം വിജയിച്ചാല്‍ അഞ്ചു മല്‍സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ബഹ്‌റൈൻ സമയം വൈകിട്ട് 4 നാണ് മത്സരം. ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചെങ്കിലും രണ്ടും മൂന്നും മല്‍സരങ്ങളില്‍ വിജയിച്ച് ഇന്ത്യ പരമ്പരയിൽ 2-0നു മുന്നിലാണ്. യുവ്‌രാജ് സിംഗിനു പകരമായി ഋഷഭ് പന്തിനെ കളിപ്പിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടില്ല. കേദാര്‍ ജാദവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നിലേക്ക് ഇറക്കി കളിപ്പിക്കണമെന്ന ആവശ്യവും മാനേജ്മെന്റിന് മുന്നിലുണ്ട്.
ഓപ്പണര്‍ അജിന്‍ക്യ രഹാനെയും, ധോണിയും മികച്ച ഫോമിലാണ്. ബൌളിംഗും മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കുന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേസമയം പരമ്പരയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആതിഥേയര്‍ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയിൽ എത്തിക്കാമെന്ന മോഹമെങ്കിലും ആതിഥേയർക്ക് കാത്തുസൂക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ കൈമെയ് മറന്നുള്ള പോരാട്ടത്തിനാവും കരീബിയൻ ടീം കോപ്പുകൂട്ടുക.
ബാറ്റിംഗ് നിര മികവിലേക്കുയരാത്തതാണ് ജേസണ്‍ ഹോള്‍ഡറിന് തലവേദനയാകുന്നത്. മൂന്നാം ഏകദിനത്തില്‍ വെറും 158 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പുറത്തായത്.