മയക്കുമരുന്ന് ഗുളികകൾ ഓറഞ്ച് പെട്ടിയിലൊളിപ്പിച്ച് കടത്താൻ ശ്രമം; റിയാദിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

വിദേശത്ത് നിന്ന് സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ. സിറിയൻ സ്വദേശികളാണ് അറസ്റ്റിലായതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നജീദി അറിയിച്ചു. ഓറഞ്ച് ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12,72,000 ലഹരി ആംഫെറ്റാമൈന്‍ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തത്.പിടിയിലായ രണ്ടുപേരും സന്ദർശക വിസയിൽ സൗദി അറേബ്യയിലേക്ക് വന്നവരാണ്. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സിറിയൻ പൗരന്മാരെക്കുറിച്ചുളള വിവരം ലഭിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജർ മുഹമ്മദ് അൽ നജീദി അറിയിച്ചു.