സൗദിയിൽ ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാർ‍ക്ക് അനുമതി


റിയാദ്: സൗദിയിൽ‍ ട്രെയിനുകളിലെയും ഇന്റർ‍സിറ്റി ബസുകളിലെയും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സർ‍വിസ് നടത്താൻ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചനയെ തുടർ‍ന്ന് പൊതുഗതാഗത അതോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാന്‍ തീരുമാനമെടുത്തത്.

ജിസാനും ഫർ‍സാൻ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവൻ സീറ്റിൽ‍ യാത്രക്കാരെ അനുവദിക്കും. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിൻ പൊതുഗതാഗതം ഉപയോഗിക്കുന്നവർ‍ സ്വീകരിച്ചിരിക്കണമെന്നും വാക്സിൻ സ്വീകരിക്കുന്നതിൽ‍ നിന്ന് ഒഴിവാക്കപ്പെട്ടവർ‍ക്ക് ഇളവുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

തവക്കൽ‍ന ആപ്പിലെ ആരോഗ്യനില പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, മാസ്‌ക് ധരിക്കുക, കൈകൾ‍ അണുമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച മുന്‍കരുതൽ‍ നടപടികൾ‍ ബസിലും ട്രെയിനിലും ബോട്ടിലും പാലിക്കുന്നത് തുടരണം.

ഒരു സീറ്റിൽ‍ ഒരാൾ‍ എന്ന നിലയിൽ‍ മാത്രമാണ് ബസുകളിൽ‍ ആളുകളെ കയറ്റാൻ അനുമതിയുണ്ടായിരുന്നത്. നിയന്ത്രണം നീക്കിയതോടെ കൂടുതലാളുകൾ‍ക്ക് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed