സൗദി ജീവനക്കാർക്ക് ഇനി മുതൽ ചുരുങ്ങിയത് 4000 റിയാൽ ശന്പളം നൽകണം: ആദ്യഘട്ടത്തിലെ ഗുണഭോക്താക്കൾ ഇവരാണ്...

റിയാദ്: കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച മിനിമം വേതനം സൗദി ഭരണകൂടം നടപ്പിലാക്കിത്തുടങ്ങി. രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരിൽ 50 മുകളിലുള്ളവർക്കിടയിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. ജനറൽ ഓർഗനൈസേഷന്‍ ഫോർ സോഷ്യൽ ഇന്‍ഷുറന്‍സ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം സ്വകാര്യ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന മുഴുവന്‍ സ്വദേശികൾക്കും ചുരുങ്ങിയത് 4000 റിയാൽ ശന്പളം നൽകണം. നേരത്തേ 3000 റിയാലായിരുന്നു സൗദിയിലെ മിനിമം വേതനം.
2020 നവംബറിലായിരുന്നു രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള തൊഴിലളികൾക്ക് മിനിമം വേതനം പ്രഖ്യാപിച്ചത്. അഞ്ചു മാസത്തിനു ശേഷം ഇത് നടപ്പിലാക്കുമെന്ന് സൗദി മനുഷ്യ വിഭവ− സാമൂഹ്യ വികസന മന്ത്രി അഹ്മദ് അൽ റാജിഹി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ സൗദികളായ 50 കഴിഞ്ഞ ജീവനക്കാർക്കിടയിൽ ഇത് നടപ്പിലാക്കുന്നത്.
പുതുക്കിയ മിനിമം വേതനത്തിന് അനുസൃതമായിട്ടാണ് ഇനി മുതൽ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശി അനുപാതവും നിശ്ചയിക്കുക. നിതാഖാത്ത് സംവിധാനത്തിൽ ഒരു പൂർണ്ണ സ്വദേശി ജീവനക്കാരന്‍ 4,000 മുതൽ മേൽപ്പോട്ട് ശന്പളം വാങ്ങുന്നവർ മാത്രമായിരിക്കും. മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ശന്പളമെങ്കിൽ അർദ്ധ ജീവനക്കാരനായിട്ടാണ് പരിഗണിക്കുക. മൂവായിരത്തിന് താഴെ വേതനം വാങ്ങുന്നവരെ നിതാഖാത്ത് സംവിധാനത്തിൽ പരിഗണിക്കില്ല. അതിനാൽ സൗദി ജീവനക്കാരന് 4000 റിയാൽ മിനിമം വേതനം നൽകാത്ത സ്ഥാപനങ്ങൾ നിയമപ്രകാരമുള്ള സ്വദേശി− പ്രവാസി അനുപാതം പാലിക്കാൻ ഒരു സ്വദേശിയെ കൂടി നിയമിക്കേണ്ടിവരും.