ലോകായുക്ത വിധി: ജലീൽ ഹൈക്കോടതിയിലേക്ക്

തിരൂർ: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ. ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. അവധിക്കാല ബെഞ്ചിന് മുൻപിൽ ഹർജി എത്തിയ്ക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അടിയന്തിര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും.
സർക്കാരിന്റെയും പാർട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കമെന്നാണ് വിവരം. മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നായിരുന്നു ലോകായുക്തയുടെ വിധി. നിയമപരമായും ധാർമികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോർട്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷാഫി നൽകിയ പരാതിയിലായിരുന്നു ലോകായുക്തയുടെ നടപടി. ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് നിരീക്ഷിച്ച ലോകായുക്ത തുടർ നടപടിയെടുക്കാൻ മുഖ്യമന്ത്രിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബന്ധുവായ കെ.ടി അബീദിനെ സംസ്ഥാന ന്യൂന പക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിൻറെ ഓഫീസ് ഉത്തരവിറക്കിയത്. ബന്ധു നിയമനത്തിൽ കെടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെ തുടർന്ന് ജലീലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.