സല്‍മാന്‍ രാജാവും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്


റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തും. മൊറോക്കോയില്‍ അവധിക്കാലം ചെലവഴിക്കുന്ന രാജാവ് അവിടെ നിന്നാണ് യു.എസിലേക്ക് തിരിച്ചത്. മുതിര്‍ന്ന മന്ത്രിമാരും നയതന്ത്രജ്ഞരും അടങ്ങുന്ന വന്‍ സംഘം രാജാവിനെ അനുഗമിക്കുന്നുണ്ട്. എട്ടര പതിറ്റാണ്ടടുക്കുന്ന യു.എസ് - സൗദി സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ പുരോഗതിയും ചര്‍ച്ചകളില്‍ വിലയിരുത്തും.

യു.എസ് - സൗദി ഫോറം സമ്മേളനത്തിലും രാജാവ് സംബന്ധിക്കും. ഊര്‍ജം, ആരോഗ്യം, പെട്രോ കെമിക്കല്‍, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകളിലാകും ഫോറത്തില്‍ ചര്‍ച്ച നടക്കുക. അധികാരമേറ്റ ശേഷം ആദ്യമായാണ് രാജാവ് യു.എസ് സന്ദര്‍ശിക്കുന്നതെങ്കിലും ഒബാമയെ കാണുന്നത് ഇത് രണ്ടാം വട്ടമാണ്. അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തിലുള്ള അനുശോചനം അറിയിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ ഒബാമ സല്‍മാന്‍ രാജാവിനെ കണ്ടിരുന്നു. ഇന്ത്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മടക്കയാത്രയില്‍ ഒബാമ അന്ന് റിയാദിലിറങ്ങിയത്.

മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷ ഭീഷണി നേരിടുന്നതില്‍ അമേരിക്കന്‍ സഹായം ചര്‍ച്ചകളില്‍ ഉറപ്പുനല്‍കുമെന്ന് സന്ദര്‍ശനത്തിന്‍െറ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. വന്‍ ശക്തി രാഷ്ട്രങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവകരാറില്‍ സൗദി അറേബ്യ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ അമേരിക്ക കാര്യമായി ഇടപെടും.

സാമ്പത്തിക ഉപരോധം നീങ്ങുമ്പോള്‍ ശക്തിപ്പെടുന്ന ഇറാന്‍െറ കാര്യത്തില്‍ സൗദിക്ക് ന്യായമായ ചില ആശങ്കകള്‍ ഉണ്ടെന്നും അവയെ ഗൗരവത്തിലാണ് എടുക്കുന്നതെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് വാഷിങ്ടണില്‍ പറഞ്ഞു. ഉപരോധകാലത്ത് മരവിപ്പിക്കപ്പെട്ട ആസ്തികള്‍ക്ക് മേലുള്ള നിയന്ത്രണം തിരികെ ലഭിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനാകും ഇറാന്‍ മുന്‍ഗണന നല്‍കുകയെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹീനപ്രവൃത്തികള്‍ക്ക് ആ പണം ഇറാന്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരത്തിലുള്ള എന്തെങ്കിലും നീക്കമുണ്ടായാല്‍ ഏതുതരത്തിലും ഇടപെടുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയുടെ സുരക്ഷക്കായി ഏതു നടപടിക്കും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയുടെ ചില സൈനിക ആവശ്യങ്ങളും ചര്‍ച്ചക്കത്തെുന്നുണ്ട്. കിഴക്കന്‍ തീരത്ത് അറേബ്യന്‍ ഉള്‍ക്കടലിലുള്ള സൗദി നാവികപ്പടയുടെ നവീകരണത്തിനായി രണ്ടു കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ വാങ്ങുന്ന കാര്യത്തിലും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. യു.എസിലെ മേരിലാന്‍ഡ് ആസ്ഥാനമായ ആഗോള ആയുധ നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍ അമേരിക്കന്‍ നാവികസേനക്കായി നിര്‍മിച്ച കപ്പലുകളാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മിസൈല്‍ ആവനാഴിയുടെ കരുത്ത് കൂട്ടുന്നതിനും ലോക്ക്ഹീഡിന്‍െറ സഹായം പ്രതീക്ഷിക്കുന്നു. റയ്ത്തണ്‍ പാട്രിയറ്റ് മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനമാണ് നിലവില്‍ സൗദിക്കുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ യമനില്‍ നിന്ന് ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചത് ഈ സംവിധാനമായിരുന്നു. ലോക്ക്ഹീഡിന്‍െറ പി.എ.സി -3 മിസൈലുകള്‍ കൂടി വാങ്ങി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ശ്രമം. 80 അത്യാധുനിക ബ്ലാക്ക്‌ ഹോക്ക് യുദ്ധ ഹെലികോപ്റ്ററുകളും വാങ്ങുന്നതിനുള്ള കരാറിനും സന്ദര്‍ശനത്തില്‍ അന്തിമ രൂപം നല്‍കും.

You might also like

  • Straight Forward

Most Viewed