വിമുക്ത ഭടന്മാരുടെ സമരം ലക്ഷ്യം കാണുന്നു

ദില്ലി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കരട് രൂപം തയ്യാറാക്കിയതായി സൂചന. 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.രണ്ട് ദിവസത്തിനകം ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ കരട് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. 2014 ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കണമെന്നായിരുന്നു വിമുക്ത ഭടന്മാരുടെ ആവശ്യം.അടിസ്ഥാന വര്‍ഷം 2013 ആയി നിശ്ചയിച്ചുകൊണ്ട് ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പെന്‍ഷന്‍ ഏകീകരണം വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് കരട് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ രണ്ട് വര്‍ഷം കൂടുമ്പോഴെങ്കിലും പെന്‍ഷന്‍ പുതുക്കണമെന്നാണ് വിമുക്തഭടന്മാരുടെ ഇപ്പോഴത്തെ ആവശ്യം. നേരത്തെ വര്‍ഷാവര്‍ഷം പുതുക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിമുക്തഭടന്മാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതേക്കാര്യത്തില്‍ സമവായത്തിനായി രാജീവ് ചന്ദ്രശേഖര്‍ എം.പി വിമുക്തഭടന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിമുക്തഭടന്മാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ ഏകീകരണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെയും സര്‍ക്കാര്‍ നിയോഗിക്കും. ആറ് മാസത്തിനകം പാകപിഴവുകളുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനെ നിയമിക്കുന്നത്.