സൗദിയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് താഴെ വീണ്​ ആറ് പ്രവാസികൾ‍​ മരിച്ചു


റിയാദ്: സൗദി അറേബ്യയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴത്തെ റോഡിലേക്ക് വീണ് പാകിസ്താൻ പൗരന്മാരായ ആറു പേർ മരിച്ചു. ജുബൈൽ−റോയൽ കമീഷൻ റോഡിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ് പ്ലാന്റിലേക്ക് ഇറങ്ങുന്ന പാലത്തിലായിരുന്നു അപകടം. പാകിസ്താനി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ഷെവർലെ കാർ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ താഴെ റോഡിലേക്ക് പതിയ്ക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ സൽമാൻ, ഷീഷൻ എന്നിവരടക്കം എല്ലാവരും തൽക്ഷണം മരിച്ചു. സാധാരണ നല്ല തിരക്കുള്ള റോഡിലേക്കാണ് കാർ വീണത്. എന്നാൽ ആ സമയത്ത് തിരക്കിന് നേരിയ കുറവുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പോലീസും അഗ്നിശമന സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ജുബൈലിലെ ഒരു സ്വകാര്യ കന്പനി ജീവനക്കാരായ ഇവർ ചെറിയ നിർമ്മാണ പണികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. വ്യവസായ മേഖല കേന്ദ്രീകരിച്ച് ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ പോകുന്നതിനിടെയാണ് അപകടം. സൽമാൻ ആറുമാസം മുന്പാണ് വിവാഹം കഴിച്ചു സൗദിയിൽ എത്തിയത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed