മാധ്യമപ്രവർത്തകന്‍ ഫാറൂഖ് ലുഖ്മാൻ അന്തരിച്ചു


ജിദ്ദ : മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫും മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന ഫാറൂഖ് ലുഖ്മാൻ(80) അന്തരിച്ചു. അസുഖബാധയെ തുടർന്ന് വിശ്രമത്തിലായിരുന്നു. പാരന്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തിൽനിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവർത്തകനായത്. ഏദനിലെ ബ്രിട്ടീഷ് ഗ്രാമർ സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടിയാണ് ഫാറൂഖ് ലുഖ്മാൻ ഏദനിൽ പിതാവ് നടത്തിയിരുന്ന പ്രസാധന സ്ഥാപനത്തിൽ ജോലി തുടങ്ങുന്നത്.

അറബി ദിനപത്രമായ ഫതഉൽ ജസീറയുടേയും ഇംഗ്‌ളീഷ് വാരികയായ ഏദൻ ക്രോണിക്കിളിന്റേയും എഡിറ്റർ പദവിയാണ് ആദ്യമായി ഏറ്റെടുത്തത്. ഇതിനിടെ ഡെയ്‌ലി മെയിൽ, ഫൈനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവർത്തിച്ചു. അറബ് ന്യൂസിന്റെ മുഖ്യ പത്രാധിപസ്ഥാനത്തേക്കു വരുന്നതിനു മുന്പ് അറബ് ലോകത്തെ പ്രഥമ സാന്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. സൗദി റിസർച്ച് ആന്റ് പബ്‌ളിഷിംഗ് കന്പനിയുടെ പത്രപ്രവർത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉർദു ന്യൂസ്, ഉർദു മാഗസിൻ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു.

അറബി ഭാഷയിൽ മാത്രം അയ്യായിരത്തിൽ പരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാൻ പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷർഖുൽ ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റായും സേവനം ചെയ്തു. അറബിയിലും ഇംഗ്‌ളീഷിലുമായി നിരവധി പുസ്തങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed