പുതിയ ഇ-കോമേഴ്‌സ്യല്‍ നിയമത്തിന് അംഗീകാരം
സൗദി : സൗദിയില്‍ പുതിയ ഇ-കോമേഴ്‌സ്യല്‍ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. വാണിജ്യ നിക്ഷേപ മന്ത്രാലയവും സൗദി സാമ്പത്തിക വികസനകാര്യ കൗണ്‍സിലും സമര്‍പ്പിച്ച കരട് ശുപാര്‍ശകള്‍ അവലോകനം ചെയ്താണ് പുതിയ നിയമം മന്ത്രിസഭ അംഗീകരിച്ചത്. രാജ്യത്തെ ഡിജിറ്റല്‍ വിപണിയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.
ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഉപഭോക്തൃ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക, ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി ആഗോള വ്യാപാര സംവിധാനങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ രാജ്യത്തെ ഡിജിറ്റള്‍ വിപണിയെ ഉത്തേജിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം ആവഷ്‌കരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഇ-കോമേഴ്‌സ്യല്‍ കൗണ്‍സിലിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. ഡിജിറ്റള്‍ മാര്‍ക്കറ്റിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, പണമിടപാടുകള്‍ക്കുള്ള സംവിധാനം, തപാല്‍ ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി മുപ്പത്തിയൊന്‍പത് സംരഭങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഈ മേഖലയിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും പുതുതായി അംഗീകരിച്ച നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ എണ്‍പത് ബില്യണ്‍ റിയാലിന്റെ വാര്ഷിക ബിസിനസാണ് ഇ-കോമോഴ്‌സ് വിഭാഗത്തില്‍ രാജ്യത്ത് നടന്നു വരുന്നത്.

