യുഎസിലെ സൗദി സ്ഥാനപതിയായി റീമ ബിൻത് ബൻതർ യുഎസിൽ ചുമതലയേറ്റു


വാഷിങ്ടൺ/റിയാദ് ∙ യുഎസിലെ സൗദി സ്ഥാനപതിയായി റീമ ബിൻത് ബൻതർ ബിൻ സുൽത്താൻ രാജകുമാരി വാഷിങ്ടണിലെ സൗദി എംബസിയിൽ ചുമതലയേറ്റു. യുഎസ് വിദേശകാര്യ മന്ത്രാലയത്തിന് അധികാര പത്രം കൈമാറിയാണ് റീമാ രാജകുമാരി ഔദ്യോഗിക പദവിയിൽ പ്രവേശിച്ചത്. തുടർന്ന് നിയർ ഈസ്റ്റേൺ കാര്യങ്ങൾക്കുള്ള അമേരിക്കൻ അസിസ്റ്റന്റ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ഷെൻകറുമായി ചർച്ച നടത്തുകയും ചെയ്തു.
 ഫെബ്രുവരി 23നാണ് അമേരിക്കയിലെ സൗദി സ്ഥാനപതിയായി റീമാ രാജകുമാരിയെ നാമനിർദേശം ചെയ്തത്. ഏപ്രിലിൽ സൽമാൻ രാജാവിനു മുന്നിൽ ഇവർ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയിലെ പതിനൊന്നാമത്തെ സൗദി സ്ഥാനപതിയാണ് റീമാ രാജകുമാരി.
അമേരിക്കയിലെ മുൻ സൗദി സ്ഥാനപതിയും സൽമാൻ രാജാവിൻറെ മകനുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി നിയമിച്ച ഒഴിവിലായിരുന്നു റീമയുടെ നിയമനം. ഇതേസമയം റീമയുടെ സഹോദരൻ ഖാലിദ് ബിൻ ബൻതർ ബിൻ സുൽത്താൻ രാജകുമാരൻ ബ്രിട്ടനിലെ സൗദി സ്ഥാനപതിയായും ചുമതലയേറ്റു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed