ഹൂത്തി ഡ്രോണുകൾ സൗദി വ്യോമസേന തകർത്തു
ജിസാൻ: തെക്കൻ സൗദിയിലെ ജിസാൻ വിമാനത്താവളം ലക്ഷ്യമാക്കി വെള്ളിയാഴ്ച പുലർച്ചെ ഹുത്തികൾ തൊടുത്തുവിട്ട സായുധ ഡ്രോണുകൾ സൗദി വ്യോമ സേന തകർത്തതായി സഖ്യസേന അറിയിച്ചു. അതിർത്തി പ്രദേശമായ ജിസാനിൽ കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമിട്ടു യെമനിൽ നിന്നു വന്ന ആളില്ലാ വിമാനമാണു തകർത്തതെന്നു സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
ഇറാൻ പിന്തുണയോടെ ഹൂത്തി കുറ്റവാളികൾ പൊതുജന സമ്പർക്ക ഇടങ്ങൾ ലക്ഷ്യമാക്കി ശത്രുതാപരമായും തീവ്രവാദ പരമായും ഉള്ള ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ആഴ്ച അസീർ മേഖലയിലെ അബ്ഹ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ തുടർ ആക്രമണത്തിനു പിന്നാലെയാണിത്.
ഹൂത്തികൾ പുറത്താക്കിയ യുഎൻ പിന്തുണയുള്ള പ്രസിഡന്റ് ആബിദ് റബൂ മൻസൂർ ഹാദിയുടെ യെമൻ സർക്കാർ പുനഃസ്ഥാപിക്കുന്നതിന് സൗദി സഖ്യ സേന 2015 മാർച്ചിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് സൗദിയെ ലക്ഷ്യമാക്കി ആവർത്തിച്ചുള്ള ഹൂത്തി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ദശലക്ഷക്കണക്കിനു പേർ കുടിയൊഴിപ്പിക്കപ്പെടുകയും സഹായം ആവശ്യമുള്ളവരായി ശേഷിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മോശം മാനുഷികാവസ്ഥയുള്ള ഇടമായി യുഎൻ വിശേഷിപ്പിക്കുന്ന വിധം മേഖലയിലെ കലുഷിതാവസ്ഥ തുടരുകയാണ്.

