ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ദമ്മാം: പ്രശസ്ത സാഹിത്യകാരനും, ചിന്തകനും, നാടക -ചലച്ചിത്ര പ്രവർത്തകനും, അഭിനേതാവും, സംവിധായകനുമായ ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. പദ്മശ്രീ, പദ്മഭൂഷൺ , ജ്ഞാനപീഠം അവാർഡുകൾ നേടിയ എഴുത്തുകാരൻ, ദേശീയ ചലച്ചിത്രപുരസ്ക്കാരം നേടിയ സിനിമ സംവിധായകൻ, തെക്കേ ഇന്ത്യൻ സിനിമയിലും, ബോളിവുഡിലും തിളങ്ങിയ അഭിനേതാവ്, തിരക്കഥാകൃത്ത്, കന്നഡ നാടകവേദിയ്ക്ക് വിലപിടിച്ച സംഭാവനകൾ നൽകിയ നാടകകൃത്ത്, വിദ്യാഭ്യാസവിചക്ഷണൻ, പുരോഗമനചിന്തകൻ എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും എന്നാൽ ഇതിനേക്കാളുമെല്ലാം ഉപരിയായി, രാജ്യത്തെ മതേതരത്വത്തിനും, സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലും, ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയുള്ള ജനകീയപ്രക്ഷോഭങ്ങളിലും പങ്കാളിയായി പ്രതികരിയ്ക്കാൻ അദ്ദേഹം എന്നും പരിശ്രമിച്ചു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും അനുശോചനക്കുറിപ്പില്‍ അറിയിച്ചു. തെറ്റുകൾക്കെതിരെ നിർഭയം പ്രതികരിയ്ക്കുന്ന ആ മഹാനായ കലാകാരന്റെ വിടവാങ്ങൽ, ഇന്ത്യൻ സമൂഹത്തിന് തീരാനഷ്ടമാണ് എന്ന് നവയുഗം കലാവേദി സെക്രട്ടറി സഹീർഷായും, പ്രസിഡന്റ് നിസാർ ആലപ്പുഴയും പ്രസ്താവനയിൽ പറഞ്ഞു.