യു.എ.ഇ.യില്‍ പുതിയനയം

ദുബായ്: ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന 12 വർഷത്തെ പദ്ധതിക്ക് യു.എ.ഇ. മന്ത്രിസഭ അംഗീകാരം നൽകി. ഞായറാഴ്ച അബുദാബി പ്രസിഡൻഷ്യൽ പാലസിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അധ്യക്ഷത വഹിച്ച കാബിനറ്റ് യോഗത്തിലാണ് ‘നാഷണൽ സ്ട്രാറ്റജി ഫോർ ഫോർ വെൽ ബീങ് 2031’-ന് അനുമതി നൽകിയത്. വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ഗുണപരമായരീതിയിൽ ജീവിതനിലവാരം ഉയർത്തി ആഗോളതലത്തിൽ മാതൃകയാകുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
യു.എ.ഇ. നിവാസികളുടെ ശാരീരിക-മാനസിക-ഡിജിറ്റൽ ആരോഗ്യം മുൻ നിർത്തിയുള്ള 90 പദ്ധതികളാണ് ഈ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങളും തൊഴിൽസാഹചര്യങ്ങളും മെച്ചപ്പെടുത്തി രാജ്യത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ പുതിയനയം സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.