പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗദിവത്കരണത്തിൽ ഇളവ്

സൗദിയിൽ പുതുതായി ആരംഭിക്കുന്ന ചെറുകിട− ഇടത്തരം സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗദിവത്കരണത്തിൽ ഇളവ് പ്രഖ്യാപിച്ചു. ഇതുൾപ്പെടെ ഒന്‍പത് സേവനങ്ങൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ചെറുകിട−ഇടത്തരം സ്ഥാപനങ്ങൾക്ക് ഒന്‍പത് തൊഴിൽ വിസകളനുവദിക്കാനും ധാരണയായിട്ടുണ്ട്. സൗദിവത്കരണം ഉയർത്തുന്നതിന് സ്വകാര്യമേഖലയെ പ്രോത്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും സ്‌മോൾ ആന്റ് മീഡിയം എന്റർ പ്രൈസസ് ജനറൽ അതോറിറ്റിയും ഇതിനുള്ള കരാറിൽ ഒപ്പുവെച്ചു. പുതിയ കരാറനുസരിച്ച് ചെറുകിട− ഇടത്തരം സ്ഥാപനങ്ങൾക്ക് ഒന്‍പത് തൊഴിൽ വിസകളനുവദിക്കും. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യത്തെ ഒരു വർഷത്തേക്ക് സൗദിവത്കരണത്തിൽ ഇളവുണ്ടാകും.
കൂടാതെ ഓൺലൈൻ വഴി വിസകളനുവദിക്കുക, പുതുതായി ജോലിക്ക് നിയമിക്കുന്ന സൗദി പൗരന്‍മാരെ ഉടനടി നിതാഖാത്തിന്റെ ഭാഗമാക്കുക, ഒഴിവ് വരുന്ന തസ്തികകൾ പരസ്യപ്പെടുത്തുന്നതിൽ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കുക, ഉന്നത തസ്തികകൾ സൗദിവത്കരിക്കുന്നവർക്ക് സാന്പത്തിക സഹായം നൽകുക, തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്ത സ്വദേശികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് സാന്പത്തിക സഹായം നൽകുക തുടങ്ങിയ സേവനങ്ങളും ചെറുകിട− ഇടത്തരം സ്ഥാപനങ്ങൾക്ക് ലഭിക്കും.