ദുബൈ പോലീസ് ‘സെറ്റിൽ യുവർ ഫൈൻസ്’ എന്ന സംരംഭത്തിന് തുടക്കമിട്ടു

ട്രാഫിക് പിഴ പൂർണമായും ഒഴിവാക്കാൻ വാഹനമോടിക്കുന്നവർക്ക് ദുബൈ പോലീസ് അവസരമൊരുക്കി. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സെറ്റിൽ യുവർ ഫൈൻസ് എന്ന സംരംഭത്തിന് ദുബൈ പോലീസ് തുടക്കമിട്ടത്. ഇതനുസരിച്ച് ഇനി മുതൽ ട്രാഫിക് നിയമങ്ങളൊന്നും ലംഘിക്കാത്തവർക്ക് ഇത് വരെയുള്ള പിഴത്തുകയിൽ 25 മുതൽ 100 ശതമാനം വരെ ഇളവ് ലഭിക്കും. സഹിഷ്ണുതാ വർഷം പ്രമാണിച്ചാണ് ഇത്തരമൊരു ആനുകൂല്യം നൽകുന്നതെന്ന് ദുബൈ പോലീസ് മേധാവി മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മാറി അറിയിച്ചു.
അടുത്ത മൂന്ന് മാസത്തേക്ക് ട്രാഫിക് നിയമങ്ങൾ ഒന്നും തെറ്റിക്കാതെ വാഹനമോടിക്കുന്നവർക്ക് അവരുടെ ഇതു വരെയുള്ള ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആറ് മാസത്തേക്ക് തുടരുകയാണെങ്കിലോ പിഴയിളവ് 50 ശതമാനമായി ഉയരും. ട്രാഫിക് നിയമലംഘനങ്ങളൊന്നും നടത്താതെ അടുത്ത ഒന്പത് മാസങ്ങൾ വണ്ടിയോടിക്കുന്നവർക്ക് പിഴത്തുകയിൽ 75 ശതമാനം ഇളവ് കിട്ടും. ഒരുവർഷത്തേക്ക് പുതിയ ട്രാഫിക് പിഴയൊന്നും ലഭിച്ചിട്ടില്ലായെങ്കിൽ, നിങ്ങളുടെ അതുവരെയുള്ള ട്രാഫിക്ക് പിഴ പൂർണമായും എഴുതിത്തള്ളും. ഫെബ്രുവരി ആറിന് മുൻപ് വാഹനയുടമയ്ക്ക് ലഭിച്ചിട്ടുള്ള മൊത്തം ട്രാഫിക് പിഴയിന്മേലാണ് ഇളവ് ലഭിക്കുക.
ദുബൈ പോലീസിന്റെ പരിധിയിൽ വരുന്ന ട്രാഫിക് പിഴകൾക്കാണ് ആനുകൂല്യം ലഭിക്കുക. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ ദുബൈ മുനിസിപ്പാലിറ്റിയുടെയോ പിഴ ഈ ആനുകൂല്യത്തിൽ ഉൾപ്പെടില്ലെന്ന് ദുബൈ പോലീസ് മേധാവി അറിയിച്ചു. കന്പനി വാഹനങ്ങൾ, കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ, ട്രാൻസ്പോർട്ടേഷൻ കന്പനികൾ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ മൂന്ന് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചവർക്കും പിഴയിളവിന് അർഹതയുണ്ടാവില്ല.