സൗദിയിൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി

സൗദിയിൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആൻ. വാറ്റിന് പുറമെയാണ് ഈ നികുതി. പവർ ഡ്രിങ്സ്, പുകയില ഉല്‍പന്നങ്ങൾ, കോളകൾ എന്നിവക്കാണ് നിലവിൽ പ്രത്യേക ഇനങ്ങൾക്കുള്ള നികുതി ചുമത്തിയിരുന്നത്.
സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും മധുര പാനീയങ്ങൾക്കും പ്രത്യേകം ഇനം ഉല്‍പന്നങ്ങൾക്കുള്ള നികുതി ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്വിറ്റ്സർലന്‍റിലെ ദാവോസിൽ ചേർന്ന സാന്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി എത്ര ശതമാനമാണെന്ന് തീരുമാനിച്ചിട്ടില്ല. എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്നും ഉടനെ തന്നെ അറിയിക്കും. നികുതി പുതിയ ഇനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ജി.സി.സി നേതൃത്വം കഴിഞ്ഞ ഉച്ചകോടിയിൽ അനുമതി നല്‍കിയിട്ടുണ്ട്. ഇതര ഗൾഫ് രാജ്യങ്ങളുമായി ആലോചിച്ച ശേഷമാണ് വിഷയത്തിൽ അന്തിമ തീരുമാനത്തിലത്തെുക എന്നും മന്ത്രി പറഞ്ഞു.