വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് : സൗദിയിൽ പുറത്തായത് മുപ്പതിനായിരം ഡ്രൈവർമാർ

റിയാദ് : വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതോടെ സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ റിക്രൂട്ട്മെന്റ് 25 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. അടുത്ത വർഷം ഇത് 50 ശതമാനത്തിന് മുകളിലാകാനാണ് സാധ്യതയെന്ന് റിക്രൂട്ട്മെന്റ് മേഖലയിലുള്ളവർ പറയുന്നു. ആറ് മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവർമാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയും വ്യക്തമാക്കി. രാജ്യത്ത് 1.36 ലക്ഷം ഹൗസ് െെഡ്രവർമാരാണ് ഉള്ളത്. ഈ വർഷം മാർച്ച് വരെയുളള കണക്കുകൾ പ്രകാരം മാസം 7,500 ഹൗസ് െെഡ്രവർമാർ ഫൈനൽ എക്സിറ്റിൽ രാജ്യം വിടുന്നുണ്ടെന്നാണ് കണക്കുകൾ. രണ്ടാഴ്ച മുന്പാണ് സൗദിയിൽ വനിതകൾ വാഹനം ഓടിച്ചു തുടങ്ങിയത്. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹൗസ് െെഡ്രവർമാരെ റിക്രൂട്ട് ചെയ്യുന്നത്. സൗദിയിൽ മൂന്ന് ലക്ഷത്തിലേറെ ഇന്ത്യൻ െെഡ്രവർമാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രണ്ട് വർഷത്തിനകം സൗദിയിലെ െെഡ്രവർമാരായി ജോലി ചെയ്യുന്ന 40 ശതമാനം വിദേശികൾക്കെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വനിതകൾ വാഹനം ഓടിക്കാൻ തുടങ്ങിയത് സ്വദേശി കുടുംബങ്ങളുടെ ചിലവ് കുറയ്ക്കാനും വിദേശത്തേക്ക് ഒഴുകുന്ന പണത്തിൽ കുറവ് വരുത്താനും സഹായിക്കുമെന്ന് ചേംബർ ഓഫ് കോമേഴസ് മുൻ വൈസ് പ്രസിഡണ്ട് ഡോ. സാമി അൽ അബ്ദുൽ കരിം അഭിപ്രായപ്പെട്ടു.
സ്വദേശിവൽക്കരണം ശക്തമായതോടെ നിത്യവും സൗദിയിൽ തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി എണ്ണം 2602 ആണ്. അതേസമയം സ്വദേശിവൽക്കരണം വ്യാപകമായി നടപ്പിലാക്കുന്പോഴും സൗദിയിൽ മാസം ശരശാശരി 35,000 വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. 60 വയസ്സിൽ കൂടുതൽ പ്രയമുള്ള 3.20 ലക്ഷം വിദേശികളാണ് സൗദിയിൽ ജോലി ചെയ്യുന്നത്. ഇതിൽ 1,15,800 പേർ 65 വയസ്സ് പൂർത്തിയായവരാണെന്നും ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി.