സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ ഫീസിന് വാറ്റ് നിർബന്ധമാക്കി

ജിദ്ദ : സൗദിയിലെ എംബസിക്കു കീഴിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ ജൂൺ മാസം മുതലുള്ള സ്കൂൾ ഫീസുകൾക്ക് മൂല്യ വർദ്ധിത നികുതി നിർബന്ധമാക്കി. രാജ്യത്തെ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സ്കൂൾ വാഹന സേവനത്തിനും നികുതി ഏർപ്പെടുത്തി.
ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യ വർദ്ധിക നികുതി നടപ്പിൽ വന്നത്. തുടക്കത്തിൽ സേവന വിഭാഗമായ സ്കൂളുകളെ മൂല്യ വർദ്ധിത നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം സ്കൂളിൽ അടക്കുന്ന മുഴുവൻ ഫീസിനത്തിനും അഞ്ച് ശതമാനം മൂല്യ വർദ്ധിത നികുതി കൂടി രക്ഷിതാക്കൾ അടക്കേണ്ടി വരും.
ട്യൂഷൻ ഫീസിനു പുറമെ സ്കൂൾ ട്രാൻസ്പോർട്ടേഷൻകൂടി ഉപയോഗപ്പെടുത്തുന്നവരാണെങ്കിൽ മൂല്യ വർദ്ധിത നികുതി അതിനുകൂടി ബാധകമാകും. ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തിലായിരിക്കും മുല്യവർദ്ധിത നികുതി.