ലോകത്തിലെ ഏറ്റവും വലിയ ജിഗ്‌സോ പസിൽ : റെക്കോർഡ്‍ സൃഷ്ടിച്ച് ദുബൈ

ദുബൈ : ലോകത്തിലെ ഏറ്റവും വലിയ ജിഗ്‌സോ പസ്സിൽ ഒരുക്കി ദുബൈ വീണ്ടും ഗിന്നസ് റെക്കോർഡിൽ ഇടം നേടി. സായിദ് വർഷത്തിലെ ഈ ഗിന്നസ് നേട്ടത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മരം കൊണ്ടുള്ള 12,000 ജിഗ്‌സോ കഷ്ണങ്ങൾ കൃത്യമായി ചേർത്ത് െവച്ചപ്പോൾ തെളിഞ്ഞത് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മുഖവും, സായിദ് വർഷത്തിന്റെ ലോഗോയുമാണ്. ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെന്ററാണ് (ഡി.എം.സി.സി.) അപ്ടൗൺ ദുബൈ ഡിസ്ട്രിക്ടിൽ 6,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ജിഗ്‌സോ ഒരുക്കിയത്.
ദീർഘവീക്ഷണമുള്ള, വ്യക്തമായ കാഴ്ചപ്പാടുള്ള, ആകർഷകമായ വ്യക്തിത്വതമുള്ള നേതാവായിരുന്നു ശൈഖ് സായിദ് എന്ന് ഡി.എം.സി.സി. മേധാവി അഹമ്മദ് ബിൻ സുലയേം പറഞ്ഞു. സായിദ് വർഷത്തിൽ ഇക്കാര്യം ലോകത്തോട് പറയുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾക്കും ഗിന്നസ് ഭാരവാഹികൾക്കും മുന്പിൽ ജിഗ്‌സോയുടെ അവസാനഭാഗങ്ങൾ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപിതാവിന് ആദരമായി ദുബൈ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്.
പൂർത്തിയായ ജിഗ്‌സോയുടെ ഭാഗങ്ങളെല്ലാം റീസൈക്കിൾ ചെയ്യുമെന്നതാണ് സംരംഭത്തിന്റെ മറ്റൊരു സവിശേഷത. ഹോങ്കോങ്ങിൽ 5,428.8 ചതുരശ്ര മീറ്ററിൽ 2002-ൽ നിർമ്മിച്ച ജിഗ്‌സോയുടെ റെക്കോർഡാണ് ദുബൈ തകർത്തത്.