വിമാനത്താവള വികസനം : യു.എ.ഇ 8500 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നു

ദുബൈ : യു.എ.ഇയിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് 8500 കോടി ദിർഹത്തിന്റെ പദ്ധതികൾ. പ്രതിവർഷം 30 കോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധമുള്ള വികസന പ്രവർത്തനങ്ങളാണു നടപ്പാക്കുക. ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവള നവീകരണത്തിന് 3000 കോടി ദിർഹവും ദുബൈ രാജ്യാന്തര വിമാനത്താവള നാലാംഘട്ട നവീകരണത്തിന് 2800 കോടി ദിർഹവും ചെലവഴിക്കും. അബുദാബി രാജ്യാന്തര വിമാനത്താവളം 2500 കോടി ദിർഹം, ഷാർജ രാജ്യാന്തര വിമാനത്താവളം 150 കോടി ദിർഹം എന്നിങ്ങനെയും. രാജ്യത്ത് വിമാനങ്ങൾ ഇറക്കാൻ കഴിയുന്ന എയർ സ്ട്രിപ്പുകൾ ഉൾപ്പെടെ 14 വിമാനത്താവളങ്ങളാണുള്ളത്.
113 വിമാനക്കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. പ്രതിവർഷം 5.4 കോടി വിമാനങ്ങൾ വരികയും പോകുകയും ചെയ്യുന്നതായാണ് കണക്ക്. പദ്ധതികളോട് അനുബന്ധിച്ച് വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ഇൻ ഏവിയേഷൻ സമ്മിറ്റ് (ജി.ഐ.എ.എസ്) ജനുവരി 27 മുതൽ 29വരെ ദുബൈയിൽ നടക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള 500 പ്രമുഖ നിക്ഷേപകരും വിവിധ കന്പനികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
യു.എ.ഇയിലെ വിമാനക്കന്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ്, എയർ അറേബ്യ എന്നിവ കോടികളുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) ഡയറക്ടർ ജനറൽ സെയിഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
ഈ വർഷാവസാനത്തോടെ നാലു കന്പനികൾക്കും കൂടി 525 വിമാനങ്ങളുണ്ടാകും. കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് യു.എ.ഇ. 2020 എക്സ്പോ ഉൾപ്പെടെയുള്ള രാജ്യാന്തര മേളകൾ വരുംവർഷങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാക്കും. 2023 ആകുന്പോഴേക്കും ദുബൈ വിമാനത്താവളത്തിൽ 11.8 കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.