റമദാൻ അവസാന പത്തിൽ : മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തം

റിയാദ് : റമദാൻ അവസാന പത്തിലെ തിരക്ക് വർദ്ധിച്ചതോടെ മക്കയിലും മദീനയിലും കർശന സുരക്ഷയൊരുക്കി. മക്കയും മദീനയും ലക്ഷക്കണക്കിന് തീർത്ഥാടകരെയാണ് അവസാന പത്തിൽ വഹിക്കുന്നത്. റമദാനിലെ നിരീക്ഷണ പദ്ധതികൾ മുൻകൂട്ടി നിശ്ചയിച്ചതുപോെല തന്നെ പുരോഗമിക്കുകയാണെന്ന് ഏവിയേഷൻ സെക്യൂരിറ്റി ജനറൽ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസൽ അൽബസ്സാം അറിയിച്ചു. ഹറമിലെത്തുന്ന വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് പ്രധാന പരിഗണന നൽകുന്നത്. ഹറം പരിധിയിലേക്ക് പ്രവേശിക്കുന്നത് മുതൽ കനത്ത സുരക്ഷാ വലയമാണ്. ഹറം പരിധിയിൽ ആകാശം മുതൽ ഭൂമി വരെ നിരീക്ഷണത്തിലാണ്. 24 മണിക്കൂറും ക്യാമറാ പരിശോധനയും ആകാശ നിരീക്ഷണവുമുണ്ട്. വ്യോമ നിരീക്ഷണത്തിന് സദാ ജാഗ്രതയിലാണ് സുരക്ഷാ വിഭാഗം. തിങ്ങി നിറഞ്ഞ ഹറമും പുണ്യ കേന്ദ്രങ്ങളും തത്സമയ ക്യാമറയിൽ നിരീക്ഷിക്കാൻ നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിലുണ്ട്. പുറമെ പ്രത്യേക സൈനിക വിഭാഗവും സിവിൽ ഡിഫൻസും വളണ്ടിയേഴ്സും. അവസാന പത്തിൽ നഗരത്തിൽ വിശ്വാസികൾ വർദ്ധിക്കുന്പോൾ ഒാരോ ദിവസവും പ്രത്യേക തരം നിരീക്ഷണ സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
24 മണിക്കൂറും ആകാശത്ത് നിരീക്ഷണ ഹെലികോപ്റ്ററുകൾ ഉണ്ടാകും. സെൻട്രൽ ഡിസ്ട്രിക്ടും അതിലേക്കുള്ള പാതകളിലെയും ഒാരോ ഇഞ്ചും നിരീക്ഷണത്തിന് കീഴിലാകും. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ എന്നിവ ഇൗ ഹെലികോപ്റ്ററുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ, നിരീക്ഷണ ദൗത്യങ്ങൾക്കൊപ്പം മറ്റ് അടിയന്തിര സേവനങ്ങൾക്കും സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ റോഡുകളിലെ ഗതാഗത കുരുക്കുകൾ സംബന്ധിച്ച നിരീക്ഷണം നടത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.