ദുബൈയിൽ ഫീസ് വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ സ്കൂളുകൾക്ക് വിലക്ക്

ദുബൈ : ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കുന്നതിന് വിലക്ക്. ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബൈയിൽ ബിസിനസ് നടത്തുന്നതിനുള്ള ചിലവുകൾ ചുരുക്കാനും കൗൺസിൽ നിർദേശം നൽകി. രക്ഷിതാക്കളുടെ സാന്പത്തികഭാരം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് സ്കൂൾ ഫീസ് വർദ്ധനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം വ്യക്തമാക്കി.
കിരീടാവാകാശിയുടെ നിർദ്ദേശപ്രകാരം ദുബൈയിൽ ബിസിനസ് നടത്തുന്നതിന് നിക്ഷേപകർക്ക് വേണ്ടി വരുന്ന ചിലവ് ചുരുക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല സർക്കാർ ഫീസുകളും ഒഴിവാക്കും. ദുബൈ മുനിസിപ്പാലിറ്റി ഈടാക്കുന്ന മാർക്കറ്റ് ഫീസ് അഞ്ച് ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറയ്ക്കും. ഏവിയേഷന് മേഖലയുമായി ബന്ധപ്പെട്ട 19 തരം ഫീസുകളും റദ്ദാക്കും. ഈ മേഖലയിൽ ശതകോടി ദിർഹമിന്റെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കെട്ടിടം രജിസ്ട്രേഷൻ വൈകിയാൽ ഈടാക്കുന്ന ഫീസിൽ ഇളവ് നൽകാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.