ചർച്ച വിജയിച്ചാൽ കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ : ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ചർച്ച വിജയിച്ചാൽ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അറിയിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിംഗപ്പൂരിൽ ഈ മാസം 12നാണ് കിം− ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്.
സിംഗപ്പൂരിൽ ട്രംപ് കിംഗ് ജോംഗ് ഉൻ ഉച്ചകോടി നടക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് കൂടിക്കാഴ്ചയിലെ ആശങ്ക പങ്കുവയ്ക്കാൻ തിരക്കിട്ട് ജപ്പാൻ പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സിംഗപ്പൂർ ഉച്ചകോടി വിജയിക്കുകയാണെങ്കിൽ ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് അറിയിച്ചത്.
ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയ്യാറാവണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഒരു കൂടിക്കാഴ്ച കൊണ്ട് മാത്രം ലക്ഷ്യം നേടിയെടുക്കാൻ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയ്ക്ക് മേൽ ഒരു തീരുമാനങ്ങളും അടിച്ചേൽപ്പിക്കില്ല. ഉത്തരകൊറിയയുമായി സൗഹാർദ്ദപരമായ ചർച്ചയാണ് ആഗ്രഹിക്കുന്നതെന്നും കിമ്മുമായുള്ള ചർച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഉത്തരകൊറിയയുമായുള്ള അകൽച്ച കുറയ്ക്കാൻ കിം −ട്രംപ് ചർച്ച ഏറെ സഹായിക്കുമെന്ന് ആബെ പറഞ്ഞു. ഉത്തരകൊറിയയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാണെന്നും ആബെ പറഞ്ഞു.
കിം −ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് നടക്കുന്നത്. ഇതിനു വേണ്ടി വൻ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂർ സർക്കാർ ഒരുക്കിയിരിക്കുന്നത്.
അതിനിടെ ചൊവ്വാഴ്ച നടക്കുന്ന കിം− ട്രംപ് ഉച്ചകോടിക്കു കൗതുകമായി ഇരുവരുടെയും അപരന്മാർ സിംഗപ്പൂരിലെത്തും. ഒരു ഹോട്ടലാണ് ഇരുവരെയും വാടകയ്ക്കെടുത്തിരിക്കുന്നത്. സെന്റോസ ദ്വീപിൽ അമേരിക്കൻ പ്രസിഡണ്ട് ഉത്തരകൊറിയൻ നേതാവും കൂടിക്കാഴ്ച നടത്തുന്പോൾ അപരന്മാരും സമാന്തര ഉച്ചകോടി നടത്തും.
ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയം ചർച്ചാവിഷയമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കിമ്മിന്റെ അപരൻ ഹോംങ്കോംഗ് സ്വദേശി ഹോവാർഡ് എക്സ് പറഞ്ഞു.
ഫെബ്രുവരിയിലെ സോൾ വിന്റർ ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ട്രംപിന്റെ അപരനൊപ്പം ഹോവാർഡ് എത്തിയിരുന്നു. കിം ഉത്തരകൊറിയയുടെ ആജീവനാന്ത നേതാവാണെന്നും അതിനാൽ തനിക്ക് ജീവിതാവസാനം വരെ ഈ ജോലി തുടരാനാകുമെന്നും ഹോവാർഡ് പറയുന്നു. അതേസമയം കിമ്മിന്റെ ഏകാധിപത്യശൈലി താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.