സൗദിയിൽ വാടക കരാർ രജിസ്‌ട്രേഷൻ ഫീസ് 250 റിയാലായി നിശ്ചയിച്ചു

റിയാദ് : ഈജാർ നെറ്റ്‌വർക്ക് വഴി താമസ ആവശ്യത്തിനുള്ള ഫ്ളാറ്റുകളുടെയും വില്ലകളുടെയും വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിന് 250 റിയാൽ ഫീസ് നൽകേണ്ടിവരുമെന്ന് നാഷണൽ ഹൗസിംഗ് കന്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽബതി അറിയിച്ചു.
വാണിജ്യാവശ്യത്തിനുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും വാടക കരാറിന് 400 റിയാലാണ് ഫീസ് നൽകേണ്ടത്. വാടക കരാർ രജിസ്‌ട്രേഷൻ ഫീസ് കെട്ടിട ഉടമയാണ് വഹിക്കേണ്ടത്. ഫീസ് ഇനത്തിൽ ലഭിക്കുന്ന വരുമാനം വാടക അടയ്ക്കുന്നതിന് സാധിക്കാത്ത പാവങ്ങൾക്ക് സഹായം നൽകുന്നതിന് വിനിയോഗിക്കും.
വാടക അടയ്ക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറിയ ശേഷമാണ് പ്രത്യേക കമ്മിറ്റി ഇത്തരക്കാരുടെ സാന്പത്തിക സ്ഥിതി പഠിക്കുക.