സൗദിയിൽ ലോക്കൽ ഫോൺ കോളിന് ചിലവ് കുറയും

റിയാദ് : രാജ്യത്ത് ലോക്കൽ കോളുകൾക്ക് ഈടാക്കുന്ന നിരക്കിൽ കുറവുവരുത്താൻ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മിഷൻ തീരുമാനിച്ചു. പുതിയ നിരക്കുകൾ ഡിസംബറിൽ പ്രാബല്യത്തിൽ വരുമെന്നും കമ്മിഷൻ അറിയിച്ചു.
ഇതോടെ ടെലികോം കന്പനികളുടെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ മൊബൈൽഫോൺ കോളുകൾക്ക് മിനിറ്റിൽ പത്ത് ഹലാലയാണ് മറ്റ് നെറ്റുവർക്കുകളിലേക്ക് കണക്ട് ചെയ്യുന്നതിന് ഈടാക്കുന്നത്. ഇത് അഞ്ചര ഹലാലയായി കുറച്ചു. ലാൻഡ് ഫോൺ കോളുകൾ കണക്ട് ചെയ്യുതിനുള്ള നാലര ഹലാലയിൽനിന്ന് രണ്ടേകാൽ ഹലാലയായും കുറച്ചിട്ടുണ്ട്. സൗദി ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സവാഹയുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിഷൻ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.