യു.എ.ഇയിൽ കാർഗോ മേഖല വീണ്ടും സജീവമാകുന്നു

ദുബൈ : ഇന്ത്യയിലേക്ക് അയക്കുന്ന ഡോർ ടു ഡോർ കാർഗോ സർവീസിന് നിരക്കുകൾ കുറച്ചു. രണ്ടുമാസംമുന്‍പ് വർദ്‍ധിപ്പിച്ച നിരക്കുകളാണ് ഇപ്പോൾ കാർഗോ കന്പനികൾ കുറച്ചിരിക്കുന്നത്. ഇതോടെ വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ല എന്ന ജി.എസ്.ടി കൗൺസിൽ തീരുമാനത്തെ തുടർന്ന് യു.എ.ഇയിലെ കാർഗോ രംഗത്തും മികച്ച ഉണർവാണ് വന്നിരിക്കുന്നത്.
20,000 രൂപ വില വരുന്ന കാർഗോ നാട്ടിലേക്ക് അയക്കുന്നതിന് മുന്‍പ് നികുതി ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ജൂണിലാണ് ഈ സേവനം റദ്ദാക്കിയത്. നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പാർസൽ അയക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ ദുരിതത്തിലായ ഗൾഫ് കാർഗോ മേഖലക്ക് കേന്ദ്ര ജി.എസ്.ടി കൗൺസിലിന്‍റെ പുതിയ തീരുമാനം ഉത്തേജനം പകർന്നിരിക്കുകയാണ്.
നികുതി അടക്കേണ്ടി വരുന്നതിനാൽ പാർസൽ ചാർജ് ഏജൻസികൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ മുൻനിരക്കിൽ തന്നെയാണിപ്പോൾ ഏജൻസികൾ കാർഗോ ഉൽപന്നങ്ങൾ ശേഖരിക്കുന്നത്. പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നിരക്കു കുറച്ചതോടെ കാർഗോ സ്ഥാപനങ്ങളിൽ ഇടപാടുകൾ വർധിച്ചതായി ഈമേഘലയിലുള്ളവർ പറയുന്നു.
ഇന്ത്യയിലും വിദേശത്തുമായി രണ്ട് ലക്ഷത്തോളം പേരാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഇവരിൽ 90 ശതമാനവും മലയാളികളാണ്. നിരക്കിളവും സീസണും ഒത്തുവന്നതോടെ കാർഗോ വിപണി വീണ്ടും സജീവമാവുകയാണ്.