ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരിൽ പകുതിയോളം പേർ സൗദിയിലെത്തി
മക്ക : ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവ്‍വഹിക്കുന്ന പകുതിയോളം തീർത്ഥാടകർ സൗദിയിൽ എത്തി. ഇന്ത്യയിൽ നിന്നുള്ള എല്ലാ തീർത്ഥാടകർക്കും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമദ് ജാവേദ് പറഞ്ഞു.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒന്നേകാൽ ലക്ഷം തീർത്ഥാടകരിൽ 63,000ഓളം പേർ സൗദിയിൽ എത്തി. 230 ഹജ്ജ് വിമാനങ്ങൾ ഇതുവരെ ഇന്ത്യയിൽ നിന്നും സർവ്‍വീസ് നടത്തി. മദീനയിലേക്കുള്ള വിമാന സർവ്‍വീസുകൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ജിദ്ദയിലേക്കാണ് ഇപ്പോൾ എല്ലാ വിമാന സർവ്‍വീസുകളും.
ഇന്ത്യയിൽ നിന്നുള്ള തീർത്‍ഥാടകർക്ക് ഓരോ വർഷവും സൗദിയിൽ സൗകര്യങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമദ് ജാവേദ് പറഞ്ഞു. തീർത്ഥാടകർ തിരിച്ചു പോകുന്നത് വരെ പുണ്യസ്ഥലങ്ങളിൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഉറപ്പു വരുത്തും. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

