സൗദിയിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടങ്ങി

റിയാദ് : രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് പരിശോധന ആരംഭിച്ചതായി പാസ്പോര്ട്ട് വകുപ്പ് മക്ക റീജണൽ ഡയറ ക്ടർ മേജർ ജനറൽ അബ്ദുറഹ്മാൻ അൽ ഹർബി പറഞ്ഞു. നിയമ ലംഘകരില്ലാത്ത രാജ്യം ക്യാന്പയിനോടനുബന്ധിച്ച് നടന്ന പൊതുമാപ്പിൽ വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾ മികച്ച പിന്തുണയാണ് നൽകിയതെന്നും അബ്ദുറഹ്മാൻ അൽ ഹർബി പറഞ്ഞു.
മക്ക പ്രവിശ്യയിൽ നിയമലംഘകരായ നിരവധിയാളുകൾ ഇപ്പോഴും അനധികൃതമായി കഴിയുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ആരംഭിച്ചതായി മേജർ ജനറൽ അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു. ഇവരെ നാടുകടത്തുന്നതിന് മുന്പ് നിയമാനുസ്രതമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഇവരെ നാടുകടത്തുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കുമെന്നും അൽ ഹർബി വ്യക്തമാക്കി.
പിടിയിലാകുന്ന നിയമലംഘകരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാസ്പോർട്ട് ഡയറക്ടറേറ്റിന് കീഴിലെ വിദേശി നിരീക്ഷണവകുപ്പിന് കൈമാറും. നിയമലംഘകരുടെ വിരലടയാളം പരിശോധിച്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്നും പോലീസ് അന്വേഷിക്കുന്നവരല്ലെന്നും ഉറപ്പുവരുത്തും. ഇതിനുശേഷം പാസ്പോർട്ട് വകുപ്പിന് കീഴിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിയമ ലംഘകരുടെ നിയമലംഘനത്തിന് ശിക്ഷ വിധിക്കും.
പാസ്പോർട്ടില്ലാത്ത നിയമ ലംഘകർക്ക് ഔട്ട് പാസ് ലഭ്യമാക്കുന്നതിന് വിദേശരാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി സഹകരിച്ച് പാസ്പോർട്ട് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. പിടിയിലാകുന്ന ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്ത നിയമ ലംഘകരുടെ നടപടി പൂർത്തിയാക്കി ഉടൻ നാടുകടത്തുമെന്നും മേജർ ജനറൽ അബ്ദുറഹ്മാൻ അൽ ഹർബി പറഞ്ഞു.