യു.എ.ഇയിൽ പുതിയ നികുതി നടപടിക്രമ നിയമം പ്രഖ്യാപിച്ചു

ദുബൈ : യു.എ.ഇയിൽ പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി നികുതി നടപടിക്രമങ്ങൾ സംബന്ധിച്ച സമഗ്രനിയമം പ്രഖ്യാപിച്ചു. നികുതി സമാഹരണം, ടാക്‌സ് റിട്ടേൺ തയ്യാറാക്കൽ, അടയ്‌ക്കാനുള്ള നടപടിക്രമങ്ങൾ, റീഫണ്ട്, ഓഡിറ്റിംങ് എന്നിവയെക്കുറിച്ചു വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. യു.എ.ഇ പ്രസിഡണ്ട് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഈ സുപ്രധാന നിയമം പ്രഖ്യാപിച്ചത്.
മൂല്യവർദ്ധിത നികുതി (വാറ്റ്), എക്‌സൈസ് ടാക്‌സ് ഉൾപ്പെടെയുള്ള എല്ലാ നികുതി ഘടനയും നികുതിദാതാക്കളുടെയും ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെയും (എഫ്.ടി.എ) അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തെ എല്ലാ വ്യാപാര ഇടപാടുകളുടെയും പൂർണവിവരങ്ങൾ അഞ്ചു വർഷത്തേക്കു സൂക്ഷിച്ചുവയ്‌ക്കണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. നടപടിക്രമങ്ങൾ പാലിക്കാതിരിക്കുകയോ സുതാര്യത ഇല്ലാതാകുയോ ചെയ്‌താൽ പിഴ ചുമത്തും.
എഫ്.ടി.എയുടെ കീഴിൽ ടാക്‌സ് ഏജന്റുമാർ ഉണ്ടായിരിക്കും. നികുതിദാതാക്കൾക്കുവേണ്ടി എഫ്.ടി.എയുമായി ആശയവിനിമയം നടത്താനുൾപ്പെടെയുള്ള ചുമതലകൾ ഇവർക്കുണ്ട്. ഇടപാടുകാരുടെയും അതോറിറ്റിയുടെയും സ്വകാര്യത സംരക്ഷിക്കാൻ ഇവർ ബാധ്യസ്ഥരാണ്. അടുത്തവർഷം ജനുവരി മുതൽ അഞ്ചുശതമാനം വാറ്റ് ഏർപ്പെടുത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വാറ്റിലൂടെ ആദ്യവർഷം 1200 കോടി ദിർഹവും രണ്ടാം വർഷം 2000 കോടി ദിർഹവും സമാഹരിക്കാനാകുമെന്നാണ് സാന്പത്തികകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. മൂല്യവർദ്ധിത നികുതിയും തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്കുള്ള വിൽപന നികുതിയും ആയിരിക്കും നിയമ പരിധിയിൽ വരികയെന്നും വ്യക്തമാക്കിയിരുന്നു.
എല്ലാ ഗൾഫ് രാജ്യങ്ങളും കൂട്ടായി നടപ്പാക്കുന്ന മൂല്യവർദ്ധിത നികുതിയാണ് ഇതിൽ പ്രധാനം. ഇതിനു പുറമെയാണു തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്കുള്ള വിൽപ്പന നികുതി. പുകയില, ഊർജ പാനീയങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങി 93 ഉൽപ്പന്നങ്ങൾ ഇതിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ട്. സന്പദ് വ്യവസ്ഥയിലെ വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനമെന്നു യു.എ.ഇ ധനമന്ത്രിയും എഫ്.ടി.എ ചെയർമാനും ദുബൈ ഉപഭരണാധികാരിയുമായ ഷെയ്‌ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാജ്യാന്തര മാനദണ്ധങ്ങൾ പാലിക്കുന്ന സംവിധാനങ്ങളാണു യാഥാർത്ഥ്യമാക്കുന്നത്. നികുതി ഘടന സംബന്ധിച്ചു സുതാര്യ നിയമവ്യവസ്ഥയും നടത്തിപ്പും നിലവിൽ വരും.