പഴയ ട്രക്കുകളിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നു

ദുബൈ : 20 വർഷം പഴക്കമുള്ള ട്രക്കുകളെ നിരീക്ഷിക്കാൻ നൂതന സംവിധാനം ആർ.ടി.എ നടപ്പാക്കുന്നു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തിൽ 17,000 ട്രക്കുകളിലാണ് നിരീക്ഷണ സംവിധാനം ഘടിപ്പിക്കുന്നത് പെരുമാറ്റം, അമിത വേഗം, പെട്ടെന്നുള്ള ബ്രേക്കിടൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, വാഹനമോടിച്ച സമയം, അപകടം, നിരോധിത സമയങ്ങളിലും സ്ഥലങ്ങളിലും വാഹനമോടിക്കൽ എന്നിവ മനസ്സിലാക്കാൻ ഈ സംവിധാനം സഹായകമാകുമെന്ന് ലൈസൻസിങ് ഏജൻസി സി.ഇ.ഒ പറഞ്ഞു.
ജബൽഅലി ഫ്രീസോണിലെ വെഹിക്കിൾ സേഫ്‌റ്റി സർവ്വീസ് സെന്ററിലാണ് ഇതിനായി സംവിധാനം ഒരുക്കിയിട്ടുള്ളത്. 20 വർഷം പഴക്കമുള്ള എല്ലാ ട്രക്കുകളിലും നിരീക്ഷണ സംവിധാനം നിർബന്ധമായും സ്ഥാപിച്ചിരിക്കണം. വാഹന റജിസ്‌ട്രേഷൻ പുതുക്കുമ്പോഴോ പുതിയ ലൈസൻസ് എടുക്കുന്പോഴോ നിരീക്ഷണ സംവിധാനമായ ‘ടെലിമാറ്റിക്‌സ് ഡിവൈസ്’ സ്ഥാപിക്കാം.
ഇതിനു സാധിക്കാത്തവർക്ക് ആർ.ടി.എയുടെ മൊബൈൽ യൂണിറ്റുകളുടെ സഹായം തേടാം. ഇതിനുള്ള ചിലവ് അതതു ട്രാൻപോർട്ടിങ് കന്പനി വഹിക്കണം. വാർഷിക വരിസംഖ്യയായ 500 ദിർഹമടക്കം 1620 ദിർഹമാണ് നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള നിരക്ക്. ഇതിനുള്ള അപേക്ഷാ ഫോം ആർ.ടി.എയുടെ വെബ്‌സൈറ്റിൽ ലഭിക്കും.